കോട്ടയം: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ട് വയസുള്ള കുട്ടിക്ക് രോഗം ബാധിച്ചത് വിമാനത്തിൽ നിന്ന്. ഒൻപതിന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതേ വിമാനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി ഇപ്പോൾ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയുടെ സാമ്പിൾ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതേ വിമാനത്തിൽ കോട്ടയം ജില്ലക്കാരായ 21 പേർ എത്തിയിരുന്നു. ഇതിൽ ഒൻപതു പേർ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുൾപ്പെടെ 12 പേർ ഹോം ക്വാറന്റയിനിലുമായിരുന്നു. ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചതോട ഓറഞ്ച് സോണിലേയ്ക്ക് മാറാനുള്ള സാദ്ധ്യത അടഞ്ഞു.