പൊന്‍കുന്നം: ഇന്നലെ വൈകിട്ടുണ്ടായ ഇടിമിന്നലില്‍ ചിറക്കടവില്‍ വീടുകള്‍ക്ക് നാശനഷ്ടം. രണ്ട് പശുക്കള്‍ മിന്നലേറ്റ് ചത്തു.ചിറക്കടവ് എം.ജി.എം.യു.പി.സ്‌കൂളിന് സമീപം പൊട്ടന്‍പ്ലാക്കല്‍ രാജുവിന്റെ വീടിന്റെ ജനല്‍ചില്ലുകളും പിന്‍ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റും തകര്‍ന്നു. വൈദ്യുതോപകരണങ്ങളും വയറിംഗും നശിച്ചു. ടോയ് ലറ്റിന്റെ ഭിത്തി വിണ്ടുകീറി. കാലിത്തൊഴുത്ത് തകര്‍ന്നു. രണ്ടു കറവപ്പശുക്കള്‍ ചത്തു. വീടിനുള്ളിലായിരുന്ന രാജു മിന്നലിന്റെ ആഘാതത്തില്‍ തെറിച്ചുവീണെങ്കിലും പരിക്കേറ്റില്ല. പുരയിടത്തിലെ തെങ്ങിനും മിന്നലേറ്റു. സമീപത്തെ പൊട്ടന്‍പ്ലാക്കല്‍ കേശവപിള്ളയുടെ വീടിന്റെ ജനല്‍ചില്ലുകളും തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയുടെ ജനല്‍ചില്ലുകളും തകര്‍ന്നുവീണു. മറ്റു പല വീടുകളിലെയും വൈദ്യുതോപകരണങ്ങൾ നശിച്ചിട്ടുണ്ട്.