കോട്ടയം: ഓറഞ്ച് സോണിലേക്ക് കടക്കാൻ വെമ്പൽ കൊള്ളുന്നതിനിടയിൽ കുവൈറ്റിൽ നിന്നും അമ്മയ്ക്കൊപ്പം എത്തിയ രണ്ടു വയസുകാരന് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം മൗനത്തിലായി. ഉഴവൂർ സ്വദേശിയായ അമ്മയ്ക് രോഗലക്ഷണമില്ലെങ്കിലും അമ്മയെയും മകനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷനിലാക്കി.
മെയ് 9ന് കുവൈറ്റിൽ നിന്നുള്ള ഫ്ലൈറ്റിൽ നെടുമ്പാശേരിയിൽ എത്തിയ അമ്മയും മകനും ക്വാറന്റെയിനിൽ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. ഇവർ എത്തിയ ഫ്ലൈറ്റിൽ കോട്ടയം ജില്ലക്കാരായ 21 പേർ എത്തിയിരുന്നു. ഇതിൽ 9 പേരും നിരീക്ഷണ കേന്ദ്രങ്ങളിലാണ്. ഗർഭിണിയായ അമ്മയുടെ സാമ്പിൽ എടുത്തെങ്കിലും പരിശോധനാ റിപ്പോർട്ട് ലഭ്യമായിട്ടില്ല.
രണ്ട് വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉഴവൂർ കണ്ടെയ്മെന്റ് സോണിലാക്കി. ഇവർ താമസിച്ചിരുന്ന വീടുകളിലേക്കുള്ള പോക്കറ്റ് റോഡുകൾ പോലും ബാരിക്കേട് വച്ച് അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി.
പത്തനംതിട്ടക്കാരായ വയോധികരാണ് കോട്ടയത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. വയോധികരും ഇവരുടെ ബന്ധുക്കളും രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ജില്ല ഗ്രീൻ സോണിലായിരുന്നു. അങ്ങനെയിരിക്കെയാണ് ഏപ്രിൽ 27ന് 17 പേർക്ക് കൊവിഡ് ബാധിച്ച് ആശുപത്രിയിലായത്. ഇതോടെ ഗ്രീനിൽ നിന്ന് റെഡ് സോണിലേക്ക് മാറ്റപ്പെട്ടിരുന്നു. ജില്ലയിൽ കർശന പരിശോധനയും ഏർപ്പെടുത്തിയിരുന്നു. ഇവരെല്ലാം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇതിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോൾ രണ്ട് വയസുകാരന് രോഗം സ്ഥിരീകരിച്ചത്.
വീടുകളിൽ നിരീക്ഷണത്തിലുള്ള 197 പേരിൽ 197 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. വിദേശരാജ്യങ്ങളിൽ നിന്നും വന്ന 37 പേരും ഹോംക്വാറന്റെയിലാണ്. ഇപ്പോൾ ഇടുക്കി ജില്ലയിൽ ആർക്കും തന്നെ കൊവിഡ് വൈറസ് ബാധയില്ല. ഇന്നലെ ഇതരസംസ്ഥാനങ്ങളിൽ നിന്നും 457 പേരാണ് ഇടുക്കി വഴി മറ്റ് ജില്ലകളിലേക്ക് എത്തിയത്. ഇതിൽ 158 പേർ ഇടുക്കി സ്വദേശികളാണ്. ഇവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.