pic

കോട്ടയം: ഷാപ്പുകളിൽ കള്ളില്ല. അകലം പാലിച്ച് മാസ്കും ധരിച്ച് കള്ളിനായി കുപ്പിയും പിടിച്ച് ക്യൂവിൽ അച്ചടക്കത്തോടെ നിന്നിരുന്നവർ നിരാശരായി മടങ്ങി. രാവിലെ 7ന് ഷാപ്പ് തുറന്നപ്പോൾതന്നെ ക്യുവിൽ ആളുകൾ സ്ഥാനം പിടിച്ചിരുന്നു.

കോട്ടയം ജില്ലയിൽ പാലക്കാടൻ കള്ളിനെ ആശ്രയിച്ചാണ് കച്ചവടം നടന്നിരുന്നത്. ഒരു ലക്ഷം ലിറ്റർ കള്ളാണ് പാലക്കാട് ജില്ലയിലെ ചിറ്റൂർ, തത്തമംഗലം എന്നീ സ്ഥലങ്ങളിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിവിട്ടിരുന്നത്. എന്നാൽ ഇന്നലെ 3860 ലിറ്റർ കള്ള് മാത്രമാണ് ചിറ്റൂരിലെ തെങ്ങിൻതോട്ടങ്ങളിൽ നിന്ന് കയറ്റിവിട്ടത്. 100 ലധികം മിനിലോറികളാണ് കള്ളിനായി പാലക്കാട്ട് എത്തിയിരുന്നതെങ്കിൽ ഇന്നലെ വൈകുന്നേരം എത്തിയത് 4 മിനിലോറികൾ മാത്രം. ഇതിൽ ഒരു ലോഡ് മാത്രമാണ് കോട്ടയത്ത് എത്തിയത്. തെങ്ങിൻ കുല ഒരുക്കാൻ സമയം ലഭിക്കാത്തതാണ് കള്ളിന്റെ ലഭ്യതയ്ക്ക് കുറവുവരാൻ കാരണമെന്ന് പറയുന്നു.

ചങ്ങനാശേരി റേഞ്ചിലെ 35 ശതമാനം ഷാപ്പുകളും തുറന്ന് പ്രവർത്തിച്ചുവെങ്കിലും കോട്ടയം റേഞ്ചിലെ ഷാപ്പുകൾ മുഴുവനായി തുറന്നിട്ടില്ല. കള്ളിന്റെ ലഭ്യതകുറവും ലൈസൻസ് പുതുക്കൽ പൂർത്തീകരിക്കാത്തതുമാണ് ഇതിന് കാരണം. ജില്ലയുടെ പടിഞ്ഞാറെൻ മേഖലയിലെ ഒട്ടുമിക്ക ഷാപ്പുകളും അടഞ്ഞുകിടക്കുകയാണ്. മാർച്ച് 20ന് കള്ള്ഷാപ്പ് ലേലനടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതാണ് കോട്ടയം റേഞ്ചിലെ 50 ഷാപ്പുകളുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായത്.

ലോക്ക് ഡൗൺ ആയതോടെ സർക്കാർ നിർദ്ദേശപ്രകാരം ചെത്തിക്കൊണ്ടിരുന്ന കുലകൾ അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞദിവസം സർക്കാർ തെങ്ങ്ചെത്താൻ അനുമതി നല്കിയതോടെ പുതിയ കുലകൾ പാകപ്പെടുത്തി എടുത്തുകൊണ്ടിരിക്കയായിരുന്നു. ഈ കുലകളിൽ നിന്നും ആവശ്യത്തിന് കള്ള് ലഭിച്ചുതുടങ്ങിയിട്ടില്ല. ഇതാണ് കള്ള് ദൗർലഭ്യത്തിന് കാരണമായത്. കള്ള് ആവശ്യത്തിന് ലഭ്യമാവണമെങ്കിൽ ഒരാഴ്ചകൂടി എടുക്കുമെന്നാണ് അറിയുന്നത്.