കോട്ടയം: പായിപ്പാട് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ അസ്വസ്ഥത തുടരുന്നു.തങ്ങളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയും ഇവർ പൊലീസിനെ സമീപിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ നൂറോളം വരുന്ന തൊഴിലാളികൾ കൂട്ടംകൂടി ഈ ആവശ്യം ഉന്നയിച്ച് തടിച്ചുകൂടിയിരുന്നു. പൊലീസ് എത്തി അനുരഞ്ജന സംഭാഷണം നടത്തിയെങ്കിലും ഇവർ സംഘർഷത്തിലേക്ക് തിരിയുകയായിരുന്നു. പിരിഞ്ഞുപോവാൻ പൊലീസ് പലപ്രാവശ്യം ആവശ്യപ്പെട്ടുവെങ്കിലും തയാറായില്ല. തുടർന്ന് പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു.
ഇതോടെ കൂടുതൽ പൊലീസിനെ പായിപ്പാട്ടും പരിസര പ്രദേശങ്ങളിലും വിന്യസിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ സ്ഥലത്തെത്തി റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് നല്കി.
ഇവരെ എന്നത്തേക്ക് ബംഗാളിലേക്ക് അയയ്ക്കാൻ സാധിക്കുമെന്ന് അധികൃതർക്ക് പറയാൻ സാധിക്കുന്നില്ല. പശ്ചിമബംഗാളിൽ കൊറോണ വൈറസ് പടരുന്നതിനാൽ അവിടുത്തെ സർക്കാർ തൊഴിലാളികളെ എത്തിക്കുന്നതിൽ വിമുക്തത കാട്ടിയിരുന്നു. ഇതിനാലാണ് ട്രെയിൻ സർവീസ് നടത്താത്തതെന്നാണ് അറിയുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ക്യാമ്പുകളിൽ ഒതുങ്ങിക്കൂടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഇതേ ആവശ്യം ഉന്നയിച്ച് പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികൾ തടിച്ചുകൂടി ബഹളം വച്ചിരുന്നു. തുടർന്ന് ലാത്തി വീശിയാണ് ഇവരെ പിന്തിരിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് ജില്ലാ കളക്ടറു ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്ത് അന്ന് എത്തിയിരുന്നു. തൊഴിലാളികൾക്കുള്ള ഭക്ഷണ സാധനങ്ങൾ സർക്കാർ ക്യാമ്പുകളിൽ എത്തിച്ചാണ് അന്ന് പ്രശ്നപരിഹാരമുണ്ടാക്കിയത്.