തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് കോൺവന്റിലെ കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യയുടെ (21) ദുരൂഹ മരണത്തിൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ് മനപ്പൂർവം വച്ചുതാമസിച്ചുവെന്ന് ആരോപണം. മെയ് 7ന് ഉച്ചയ്ക്ക് 12ഓടെയാണ് കോൺവന്റ് അങ്കണത്തിലെ കിണറ്റിൽ ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തിയത് പിറ്റെദിവസം മാത്രമാണ്. കേസിന്റെ ഗതി മാറ്റാനാണ് ലോക്കൽ പൊലീസ് ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് ആരോപണം ശക്തമായിട്ടുള്ളത്.
ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നല്കിയ പരാതിയെ തുടർന്നാണ് നടപടികോട്ടയം പയസ്ടെന്റ് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ വഴിത്തിരിവായത് ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഇടപെടലിനെ തുടർന്നാണ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും 28 വർഷം അന്വേഷിച്ച അഭയകേസ് വെളിച്ചം കണ്ടില്ല. ഇപ്പോൾ സി.ബി.ഐയുടെ പക്കലാണ് കേസ് ഫയൽ.
ഫയർഫോഴ്സ് എത്തിയാണ് കിണറ്റിൽ നിന്നും ദിവ്യയെ എടുക്കുന്നത്. മരിച്ചനിലയിലാണ് ദിവ്യയെ എടുത്തതെന്നാണ് വീഡിയോ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കോൺവന്റിന് അടുത്തുതന്നെ സർക്കാർ ആശുപത്രി ഉണ്ടായിട്ടും എന്തിന് മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
തിരുവല്ല ഡിവൈ.എസ്.പി പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിവ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ വിശദവിവരങ്ങൾ വ്യക്തമാക്കാൻ ലോക്കൽ പൊലീസ് തയാറാവുന്നില്ല. ദിവ്യ അകപ്പെട്ട കിണറിന്റെ ഇരുമ്പിലുള്ള മൂടി മാറ്റി വച്ചിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ആത്മഹത്യ ആകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ചുങ്കപ്പാറ തടത്തേൽമലയിൽ പള്ളിക്കാപറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ് ദിവ്യ പി.ജോൺ. ആറു വർഷം മുമ്പ് മഠത്തിൽ ചേർന്ന ദിവ്യ ഈ വർഷം നിത്യവ്രതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ദിവ്യയെ എന്തെങ്കിലും പ്രശ്നം അലട്ടിയിരുന്നോയെന്ന് മഠം അധികൃതർക്കും ബന്ധുക്കൾക്കും അറിവില്ല.