കോട്ടയം: സിനിമാ തിയേറ്ററുകൾ ഇനി എന്നു തുറക്കും? ആർക്കും ഇതിനൊരു ഉത്തരമില്ല.

ലോക്ക് ഡൗണിനു മുമ്പ് മാർച്ച് പത്തിനായിരുന്നു തിയേറ്ററുകൾ അടച്ചത്. മറ്റ് മേഖലകളിലെ നിയന്ത്രണങ്ങൾ അവസാനിച്ചാലും തിയേറ്ററുകൾ തുറക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. തുറന്നാൽ തന്നെ അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന് സിനിമ കാണാനാവില്ല. ഒരു മീറ്റർ അകലം പാലിക്കണം. എ.സി പ്രവർത്തിപ്പിക്കാനാവില്ല.പ്രധാന വരുമാന മാർഗമായ കോഫിഷോപ്പ് തുറക്കാനാവില്ല. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീണ്ടതോടെ തിയേറ്ററുകൾ ഇനി തുറക്കാൻ ഓണക്കാലമെങ്കിലുമായേക്കുമെന്നാണ് ഉടമകൾ പറയുന്നത്.

പ്രമുഖ തിയേറ്ററുകളിൽ 500 മുതൽ 900 വരെ സീറ്റുണ്ട്. മൾട്ടി പ്ലക്സുകളിൽ 250 ൽ താഴെയും . അകലം പാലിക്കാൻ മൂന്നിലൊന്നു സീറ്റുകളിൽ പ്രവേശനം നൽകിയാൽ വൈദ്യുതി ചാർജ് പോലും മുതലാകില്ലെന്ന് ഉടമകൾ പറയുന്നു. സിനിമ കാണുന്നതിനിടയിൽ എ.സി ഓഫാക്കിയാൽ ബഹളം വയ്ക്കുന്നവരാണ് പ്രേക്ഷകർ. എ.സി പ്രവർത്തിപ്പിക്കാതെ ചൂട് സഹിച്ച് സിനിമ കാണാൻ ആളെ കിട്ടുകയുമില്ല.

തിയേറ്റർ കാത്ത് രണ്ട് ഡസനോളം ചിത്രങ്ങൾ

'വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ട്രാൻസ്, ഫോറൻസിക് തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു വരുന്നതിനിടയിലായിരുന്നു ലോക്ക് ഡൗൺ. തിയേറ്ററുകൾ അടച്ചതിനാൽ ഇതിൽ പലതിനും മുടക്കു മുതൽ തിരിച്ചു കിട്ടിയിട്ടില്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അടക്കം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ വിഷു, ഈസ്റ്റർ കാലത്ത് പ്രദർശനത്തിന് തയ്യാറായിരുന്നു. ഓണക്കാലം മുന്നിൽ കണ്ടുള്ള ചിത്രങ്ങൾ വേറേ. ഏതാണ്ട് രണ്ട് ഡസനോളം ചിത്രങ്ങൾ കൊവിഡിൽ കുടുങ്ങി തിയേറ്ററുകൾ കാത്ത് കിടക്കുന്നു. കോടികൾ മുടക്കിയ ചിത്രങ്ങൾ പുറത്തിറക്കാൻ കഴിയാതെ ഡെഡ് മണി ആയി കിടക്കുന്നത് നിർമാതാക്കളുടെ കൈ പൊള്ളിച്ചിരിക്കുകയാണ്.

അടച്ചത്

മാർച്ച്

10 ന്

വരുമാനമില്ലെങ്കിലും ചെലവിന് കുറവില്ല

രണ്ടരമാസമായി വരുമാനമില്ലെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകി. 70 ജീവനക്കാർ വരെ ഒരു തയേറ്ററിലുണ്ട്. രണ്ട് ദിവസം കൂടുമ്പോൾ പ്രൊജക്ടർ പ്രവർത്തിപ്പിച്ച് സിനിമ മഴുവൻ ഓടിക്കണം. എ.സി ഇടണം. ജനറേറ്ററും യു.പി.എസും പ്രവർത്തിപ്പിക്കണം. തിയേറ്ററുകളിൽ വൈദ്യുതി ഉപയോഗത്തിന് കൊമേഴ്സ്യൽ നിരക്കാണുള്ളത്.

ദാസപ്പൻ, തിയേറ്റർ ഉടമ