കോട്ടയം: ലോണെടുത്ത് പുതിയ ലൗറ്റ് ആൻഡ് സൗണ്ട്സ് സിസ്റ്റം തുടങ്ങിയപ്പോൾ അനൂപിന്റെ പ്രതീക്ഷ ഉത്സവ സീസണും കല്യാണങ്ങളുമായിരുന്നു. കൊവിഡിൽ എല്ലാം താറുമാറായി. ഇപ്പോൾ വെറുതെ മൂലയ്ക്ക് വച്ചരിക്കുന്ന ശബ്ദമില്ലാത്ത ബോക്സുകളും വെളിച്ചമില്ലാത്ത ലൈറ്റുകളും നോക്കിയിരിപ്പാണ്.
ലോക്ക്ഡൗണിൽ ജീവിതത്തിന്റെ ശബ്ദവും വെളിച്ചവും ഇല്ലാതായപ്പോയവരാണ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ജീവനക്കാരും ഉടമകളും. വാടകമുറികളിലാണ് പലരുടേയും സ്ഥാപനം. സൗണ്ട് ബോക്സുകൾ അടക്കമുള്ള ലക്ഷക്കണക്കിനു രൂപ വിലയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളാണ് 2 മാസമായി പൊടിപിടിച്ചുകിടക്കുന്നത്. ഉപയോഗിച്ചില്ലെങ്കിൽ കേടുവരുന്ന ഉപകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. ജനറേറ്റുകൾവരെ വെറുതെകിടക്കുന്നു. 6 മാസം നീളുന്ന സീസൺ ഉച്ചസ്ഥായിയിലാകുന്ന സമയത്താണ് ലോക്ക് ഡൗൺ എല്ലാം തകിടംമറിച്ചത്.
ആഘോഷവും ആരവവുമില്ലാതെ ഉത്സവങ്ങളും പെരുന്നാളുകളും വിവാഹങ്ങളും കടന്നുപോകുന്നത് നിശ്ശബ്ദം കണ്ടുനിൽക്കുകയാണിവർ.
ശബ്ദമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിൽവന്ന അനേകം നിയന്ത്രണങ്ങളിൽപ്പെട്ട് കുഴങ്ങുമ്പോഴാണ് ലോക്ക് ഡൗണിന്റെ വരവ്. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും പന്തൽ ഒരുക്കുകയും ചടങ്ങ് കോംപയർ ചെയ്യാനുള്ളവരെ എത്തിക്കുകയും ചെയ്യുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾവരെ ഉണ്ടായിരുന്നു.
പക്ഷേ കൊവിഡിന്റെ വരവോടെ എല്ലാം ഇല്ലാതായി. ആഘോഷങ്ങൾ മടങ്ങിവരുമ്പോൾ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ജീവനക്കാർ വേണ്ടതിനാൽ നിലവിലുള്ളവരെ ഒഴിവാക്കുന്നില്ല പല ഉടമകളും. പക്ഷേ ഇതെത്രകാലം എന്നതാണു ചോദ്യം. സംഘടനകൾ ചേർന്ന് ജീവനക്കാർക്ക് പറ്റുന്ന സഹായമെത്തിച്ചെങ്കിലും മുന്നോട്ട് അതുമാത്രം പോര. ക്ഷേമനിധിയിൽ ഉൾപ്പെട്ട തൊഴിലാളികളും വളരെ കുറവാണ്. അതുകൊണ്ട് അത്തരം ആനുകൂല്യങ്ങളും കിട്ടില്ല.
270 സ്ഥാപനങ്ങൾ
830 തൊഴിലാളികൾ
ആവശ്യങ്ങൾ
ഉച്ചഭാഷിണി പ്രവർത്തന സമയം നീട്ടണം
പരസ്യപ്രചരണത്തെ പ്രോത്സാഹിപ്പിക്കുക
വായ്പ്പകൾക്ക് സാവകാശം നൽകണം
'' ലോക്ക് ഡൗണിന് ശേഷം സർക്കാർ സഹായമുണ്ടെങ്കിലേ ഈ മേഖല പിടിച്ചു നിൽക്കൂ. പ്രളയത്തിന്റെ സമയത്ത് പന്തൽ ഒരുക്കിയും പാത്രങ്ങൾ നൽകിയും ഞങ്ങൾ ഒപ്പം നിന്നതാണ്. ബാങ്കുകളിൽ നിന്ന് പലിശരഹിത വായ്പ്പകൾ നൽകണം''
പി.എച്ച് ഇക്ബാൽ, സംസ്ഥാന ട്രഷറർ,
ലൈറ്റ് ആൻഡ് സൗണ്ട്സ് വെൽഫയർ അസോ.