ചങ്ങനാശേരി : കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും കുറിച്ചി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലുറപ്പ് ജോലികൾ നിറുത്തിവച്ചതാണ് പല വാർഡ് മെമ്പർമാരും കാരണമായി പറയുന്നതെങ്കിലും വ്യവസ്ഥകളോടെ തൊഴിലുറപ്പ് ജോലികൾ ആരംഭിക്കുവാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട കവലകളിലെ ഓടകൾ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ മാലിന്യവും മണ്ണും നിറഞ്ഞ് അടഞ്ഞനിലയിലാണ്.
ചെമ്പുചിറ-പൊൻപുഴ തോട് ഈ വർഷം തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ശുചീകരിക്കാത്തതിനാൽ ആദ്യമഴയിൽ തന്നെ തോട്ടിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. തോട്ടിൽ മണ്ണ് അടിഞ്ഞുകിടക്കുന്നത് മൂലം കാലവർഷം കനക്കുന്നതോടെ വെള്ളപ്പൊക്കഭീഷണിയുലാണ് പരിസരവാസികൾ.
മാലിന്യം നിറഞ്ഞ് ഈ ഓടകൾ
ചാലച്ചിറ, കുറിച്ചി ഔട്ട് പോസ്റ്റ്
മന്ദിരം കവല, മലകുന്നം
ചിറവംമുട്ടം, കേളൻകവല
ഹോമിയോ കോളേജ്
പാപ്പാഞ്ചിറ, നാൽപതിൻകവല
എണ്ണയ്ക്കാച്ചിറ, പുലിക്കുഴി
ഇഴജന്തുക്കളുടെ ശല്യം രൂക്ഷം
റോഡരികുകൾ പുല്ല് വളർന്ന് നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഒപ്പം എലി ശല്യവും രൂക്ഷമായി. വഴിവിളക്കുകൾ പ്രകാശിക്കാത്തതും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു. അടിയന്തിരമായി മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്തി പകർച്ചവ്യാധി ഭീതി ഒഴിവാക്കണമെന്ന് ഇത്തിത്താനം വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രസന്നൻ ഇത്തിത്താനം അദ്ധ്യക്ഷത വഹിച്ചു.