പാലാ : 'ചൂണ്ടുവിരൽ ' ഷോർട്ട് ഫിലിം പ്രൊഫ. എലിക്കുളം ജയകുമാറിന്റെ 'കുടുംബ ചിത്ര'മാണ് ! തിരക്കഥയും സംഭാഷണവും സംവിധാനവും പ്രധാന വേഷവും ചെയ്തത് സാഹിത്യകാരനും എം.ജി.യൂണിവേഴ്‌സിറ്റി റിട്ട. അസി. രജിസ്ട്രാറും ഇപ്പോൾ പുതുവേലി കുര്യാക്കോസ് കോളജ് വൈസ് പ്രിൻസിപ്പലുമായ പ്രൊഫ. എലിക്കുളം തന്നെ. ചിത്രത്തിലെ അദ്ധ്യാപികയുടെ വേഷത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ ജയശ്രീ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ കാമറയും എഡിറ്റിംഗും നിർവഹിച്ചത് അദ്ധ്യാപകൻ കൂടിയായ മകൻ നന്ദു ജയകുമാർ. വസ്ത്രാലങ്കാരവും ചിത്രത്തിന്റെ പോസ്റ്ററും സ്റ്റിൽ ഫോട്ടോഗ്രഫിയുമാകട്ടെ മകൾ എം.എസ്.സി വിദ്യാർത്ഥിനി കൂടിയായ സ്‌നേഹ ജയകുമാർ കൈകാര്യം ചെയ്തു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ, സർക്കാരിലേയ്ക്ക് ശമ്പള വിഹിതം നൽകാൻ മടിക്കുന്ന അദ്ധ്യാപക സമൂഹത്തിനു നേരെ അമർഷത്തിന്റെ ചൂണ്ടുവിരൽ ഉയർത്തുന്ന ഹ്രസ്വചിത്രത്തിൽ പ്രൊഫ. എലിക്കുളത്തിന്റെ സുഹൃത്തുക്കൾക്കൂടിയായ അദ്ധ്യാപകർ ജോബിൻ പൈകയും, സോയി ജേക്കബ്ബും ഏതാനും നാട്ടുകാരും വേഷമിട്ടു. അദ്ധ്യാപക സമൂഹത്തിന്റെ മന:സാക്ഷിക്ക് നേരെ തൊഴിലാളികൾ ചൂണ്ടുവിരൽ ഉയർത്തുന്നിടത്ത് ചിത്രം സമാപിക്കുന്നു.

ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ചിത്രം റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽത്തന്നെ മൂവായിരത്തോളം പേർ കണ്ടു. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട നിരവധിപ്പേർ തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചതായി പ്രൊഫ. എലിക്കുളം ജയകുമാർ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് ആറ് കൊച്ചു കവിതകൾ രചിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിന് അവധി നൽകിയാണ് പ്രൊഫ. എലിക്കുളം ഹ്രസ്വ ചിത്ര നിർമ്മാണ സംവിധാന രംഗത്തേക്ക് കടന്നത്. ആദ്യ ചിത്രം ജനം ഏറ്റെടുത്ത സാഹചര്യത്തിൽ മൂന്നു ഹ്രസ്വചിത്രങ്ങൾക്കൂടി ഉടൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫ. ജയകുമാറും സംഘവും. രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച ആരംഭിക്കും.