കുമരകം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിന്റെ 'സുഭിക്ഷ കേരളം പദ്ധതി'യിലൂടെ കുമരകത്തെ തരിശുരഹിത പഞ്ചായത്താക്കുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം തുടങ്ങിയ മേഖലകളിലെ പദ്ധതി പ്രവർത്തനങ്ങളിലൂടെ ഭക്ഷ്യസുരക്ഷ കൈവരിയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. തരിശുഭൂമികളിൽ ഉടമകളുടെ സമ്മതത്തോടെയും പങ്കാളിത്തത്തോടെയും കൃഷിയിറക്കാൻ കാമ്പയിൻ നടത്തും. അധികമായി വരുന്ന സാമ്പത്തിക സഹായം പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ലഭ്യമാക്കും. ആലോചനായോഗം ഇന്ന് രാവിലെ 10.30 ന് പഞ്ചായത്ത ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ അദ്ധ്യക്ഷത വഹിക്കും. 4-ാം വാർഡിൽ ആരംഭിക്കുന്ന തരിശുകൃഷിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കെ.സുരേഷ് കുറുപ്പ് എം.എൽ.എ നിർവഹിക്കും.