കോട്ടയം: അമിത വില ഈടാക്കി സിമന്റ് വിൽക്കുന്നവർക്കെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. സിമന്റിന് ലോക്ക് ഡൗണിന് മുൻപുണ്ടായിരുന്നതിലും കൂടുതൽ വില ഈടാക്കുന്നതായുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.

ജില്ലയിലെ വിവിധ സിമന്റ് വ്യാപാര സ്ഥാപനങ്ങളിൽ വിജിലൻസുമായി ചേർന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതിലും കൂടിയ വിലയ്ക്ക് വില്പന നടത്തരുതെന്ന് വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, ബേക്കറി പലഹാരങ്ങൾ,കുപ്പിവെള്ളം എന്നിവയ്ക്ക് ഈടാക്കുന്ന വിലയുമായി ബന്ധപ്പെട്ടും നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം ഇതുവരെ നടത്തിയ പരിശോധനയിൽ 49 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ക്രമക്കേടുകൾക്ക് പിഴയായി 2.42 ലക്ഷം രൂപ ഈടാക്കി. ഡെപ്യൂട്ടി കൺട്രോളർമാരായ എം.സഫിയ, എൻ.സി. സന്തോഷ്, ഇൻസ്‌പെക്ടർമാരായ കെ.ബി ബുഹാരി, ഷിന്റോ എബ്രഹാം, പി.കെ.ബിനുമോൻ, പി. പ്രവീൺ, എ.കെ. സജീബ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ താലൂക്കുകളിൽ പരിശോധന നടന്നുവരുന്നത്. പരാതികൾ അറിയിക്കാൻ ഫോൺ: 8281698 046, 8281698044 , 04812582998.