kur

കോട്ടയം : മൂന്നു മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം സുരേഷ് കുറുപ്പ് എം.എൽ.എ ജനമദ്ധ്യത്തിലേക്കിറങ്ങി. കാലിലെ ഞരമ്പുകൾക്കുണ്ടായ മരവിപ്പ് ശരീരത്തിലേക്ക് പടർന്ന് രക്തധമനികളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന 'വാസ്കുലിറ്റിക് ന്യൂറോപ്പതി" എന്ന രോഗത്തിന് വെല്ലൂരിൽ തീവ്രചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സയിലും വീട്ടിൽ വിശ്രമത്തിലുമായിരുന്നു. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയം ചാരിറ്റബിൾ സൊസൈറ്റി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നിടത്തും സമൂഹ കിച്ചനിലും കുറുപ്പ് കഴിഞ്ഞ ദിവസം എത്തി.

"ചികിത്സ തുടരുകയാണ് . അൽപ്പം ആശ്വാസം തോന്നിയതിനാലാണ് പുറത്തിറങ്ങിയത്.

രക്തധമനികൾ ദുർബലപ്പെട്ട് നീർക്കെട്ട് ഉണ്ടാകുന്ന രോഗം നാലു വർഷത്തോളമായുണ്ട്. കാര്യമാക്കിയില്ല. ആദ്യം ആയുർവ്വേദ ചികിത്സ നടത്തി. കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയിൽ ഇരിക്കാനും നിൽക്കാനും ബുദ്ധിമുട്ടായതോടെ അവധിയെടുത്ത് വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹരോഗികൾക്ക് വരുന്ന രോഗം പ്രമേഹമില്ലാഞ്ഞിട്ടും എങ്ങനെ വന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്ലഡ് കൗണ്ട് ക്രമാതീതമായി കുറഞ്ഞതോടെ പ്രതിരോധ ശേഷി നഷ്ടമായി പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം ഡോക്ടർമാർ നൽകിയതിനാൽ പൂർണ വിശ്രമത്തിലായിരുന്നു.

മണിക്കൂറുകളോളം മയക്കി കിടത്തിയുള്ള കുത്തിവയ്പ്പ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മാസങ്ങളോളം തുടരണം . ആരോഗ്യപരമായ ബുദ്ധിമുട്ടിനെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടപ്പോൾ 'സഖാവ് വിശ്രമിച്ചോളൂ, ആ കുറവ് ഞങ്ങൾ പരിഹരിച്ചു കൊള്ളാമെന്നായിരുന്നു പലരുടെയും പ്രതികരണം.

'ചികിത്സയിലായിരുന്നെങ്കിലും വായന മുടക്കിയില്ല. ആത്മകഥ, ചരിത്ര പുസ്തകങ്ങൾ കൂടുതൽ വായിച്ചു. ലാപ്ടോപ്പിൽ കുറേ നല്ല സിനിമകളും കണ്ടു. കൊവിഡ് പരിശോധന കോട്ടയം മെഡിക്കൽ കോളേജിലും നടത്തുന്നതിന് വൈറോളജി ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. വെന്റിലേറ്ററിന് 60 ലക്ഷം നൽകി. ഇത് കൊവിഡ് രോഗികൾക്ക് ഏറെ പ്രയോജനം ചെയ്തു. ബ്ലഡ് ബാങ്കിനും ഫണ്ട് നൽകി. ഏറ്റുമാനൂർ പ്രദേശത്തെ മുഴുവൻ ഓട്ടോറിക്ഷക്കാർക്കും മറ്റു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും അരിയും നിത്യോപയോഗ സാധനങ്ങളും നൽകി സഹായിച്ചു.