രാമപുരം : 'എല്ലാത്തിനും കാരണം ഈ നശിച്ച മഴയാന്നേ.. '' ഞങ്ങൾ എന്നാ ചെയ്യാനാ? രാമപുരം വൈദ്യുതി സെക്ഷൻ അധികാരികൾക്ക് ചാരാൻ മഴയെങ്കിലുമുണ്ട്. പക്ഷേ കനത്ത ചൂടിലും ലോക്ക് ഡൗണിലും വിഷമിക്കുന്ന പൊതുജനം ആരോട് പരാതി പറയും. കഴിഞ്ഞ 5 ദിവസത്തിനിടെ രാമപുരത്തും പരിസര പ്രദേശങ്ങളായ ഏഴാച്ചേരി ,ചക്കാമ്പുഴ, നീറന്താനം, കൊണ്ടാട് , മരങ്ങാട്, വെള്ളിലാപ്പിള്ളി, കിഴതിരി മേഖലകളിലുമായി കറന്റ് പോയത് 78 മണിക്കൂറാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ രാമപുരം മേഖലയിൽ കറന്റുണ്ടായിരുന്നത് കേവലം 42 മണിക്കൂർ മാത്രം.
വേനൽ മഴയിൽ മരങ്ങളും മറ്റും ഒടിഞ്ഞു വീണ് ചില പ്രദേശങ്ങളിൽ വൈദ്യുതിലൈൻ പൊട്ടിയെങ്കിലും ജിവനക്കാരുടെ നിരന്തരമായ പരിശ്രമം വഴി പിറ്റേന്നെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി. എന്നാൽ മഴയും കാറ്റുമൊന്നുമില്ലാതിരുന്ന ദിവസങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടതിന് ഒരുമറുപടിയുമില്ല.
ഒരു ദിവസം സബ് സ്റ്റേഷനിലെ തകരാർ കൊണ്ട് തുടർച്ചയായി 12 മണിക്കൂറോളം രാമപുരത്ത് കറന്റ് പോയി. മറ്റു രണ്ടു ദിവസങ്ങളിലായി 33 കെ.വി. ലൈനിലെ തകരാറിന്റെ പേരിൽ 9 മണിക്കൂർ കറന്റില്ലായിരുന്നു. പരാതി പറയാൻ വിളിച്ചാൽ ഫോണെടുക്കില്ല. ചില ഉദ്യോഗസ്ഥരാകട്ടെ ധിക്കാരപരമായ മറുപടിയാണ് നൽകിയത്. പല ദിവസങ്ങളിലും മണിക്കൂറുകൾക്ക് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചാൽത്തന്നെ വോൾട്ടേജ് കാണില്ല. പലർക്കും ഇത്തവണ ഇരട്ടിയിൽ കൂടുതലാണ് വൈദ്യുതി ചാർജ് വന്നിട്ടുള്ളത്.

30 ജീവനക്കാരുണ്ടായിട്ടും

രാമപുരം സെക്ഷനിൽ മുപ്പത് ജീവനക്കാരാണുള്ളത്. ഇതിൽ പകുതിൽ അധികം പേർ ലൈൻമാൻമാരും വർക്കർമാരുമാണ്. ഇവർക്ക് ജോലി ഏല്പിച്ച് കൊടുക്കുന്നതിൽ മേലുദ്യോഗസ്ഥർക്കുണ്ടാകുന്ന വീഴ്ചയാണ് തകരാർ പരിഹരിക്കൽ വൈകാൻ കാരണമെന്ന് ചില ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. വൈദ്യുതി പോസ്റ്റിൽ കയറുന്ന പല ലൈൻമാൻമാരും പ്ലാസ്റ്റിക്ക് വളളി അരയിൽ ചുറ്റിയാണ് സുരക്ഷ ഒരുക്കുന്നത്. സേഫ്ടി ബെൽറ്റ് പോലും ഇവർക്ക് കൊടുക്കുന്നില്ല.

വൈദ്യുതി വിതരണം നിലച്ചത് പ്രകൃതിക്ഷോഭം കാരണം

രാമപുരത്തും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടത് കാറ്റും ഇടിയും മൂലമാണെന്ന് കെ.എസ്.ഇ.ബി പാലാ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബീനാ പയസ് പറഞ്ഞു. ഇതു പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കും.