കോട്ടയം: ജില്ലയിൽ പ്രാദേശിക തലത്തിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. വിദേശത്ത് നിന്ന് വന്നവരിൽ രോഗം ബാധിച്ച പശ്ചാത്തലത്തിലായിരുന്നു അവലോകന യോഗം.

വാർഡ്തല നിരീക്ഷണ സമിതികളുടെയും തദ്ദേശഭരണസ്ഥാപന തലത്തിലുള്ള സമിതികളുടെയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും പ്രാദേശിക ജനകീയ സമിതികൾ അതീവ ജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

 നിർദേശങ്ങൾ

കോവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തിൽ ഫലപ്രദമായി പ്രവർത്തിച്ച ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ രണ്ടാം ഘട്ടത്തിനായി സർവസജ്ജമാകണം. ക്വാറന്റയിനിൽ കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കണം. അതോടൊപ്പം അവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നത് പ്രാദേശിക നിരീക്ഷണ സംവിധാനത്തിനാണ്. പുറത്തുനിന്ന് വരുന്നവരിൽ ആർക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കിൽ സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മുൻകരുതലുണ്ടാവണം. പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതു സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് യോഗം വിലയിരുത്തി.

മുഴുവൻ ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.