കോട്ടയം: ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് നിർദേശിച്ചു. ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ കൊതുകുകൾ പെരുകുന്നത് ഒഴിവാക്കിയില്ലെങ്കിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ട്.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമഴ്ത്തി വയ്ക്കണം.

ലോക്ക് ഡൗണിൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി നേരത്തെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാനുകളിലും മറ്റും മലിന ജലം കെട്ടി നിന്ന് കൊതുകു പെരുകാൻ സാദ്ധ്യതയുണ്ട്.

മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും മലിന ജലവുമായി സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പനിയുള്ളവർ വിദഗ്ധ ചികിത്സ തേടണം. എലിപ്പനി ബാധിച്ചവർക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിച്ചേക്കാമെന്നും ഡി.എം.ഒ പറഞ്ഞു.