ചങ്ങനാശേരി: സംസ്ഥാനത്തെ ഏലം, കുരുമുളക്, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയ കാർഷിക വിളകളുടെ വിലയിടിവ് പിടിച്ചുനിറുത്താൻ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി ജോസഫ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിലയിടിവിന് പരിഹാരമായി ഏലത്തിന്റെ ലേലം ഉടൻ ആരംഭിക്കണം. ലോക്ക്ഡൗൺ മൂലം ലേലം നിർത്തി വച്ചതിലൂടെ ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുകയാണ്. ഗ്രാമ്പൂ, കുരുമുളക്, കൊക്കോ കർഷകരെ രക്ഷിക്കാൻ സർക്കാർ സംഭരണം നടത്തുകയും താങ്ങുവില നിശ്ചയിക്കുകയും വേണം. വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച നടപടിയോടൊപ്പം പലിശ ഇളവുകൂടി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.