കോട്ടയം: ലോക്ക്ഡൗൺ പ്രതിസന്ധി മറികടന്ന് പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള ഒരുക്കങ്ങൾക്ക് ജില്ലയിൽ തുടക്കമായി. അദ്ധ്യാപകർക്കുള്ള പരിശീലനത്തിനും തുടങ്ങിയതിന് പിന്നാലെ സ്കൂളുകൾ അണുവിമുക്തമാക്കിയും തുടങ്ങി. പുതിയ കെട്ടിടങ്ങളുടെ നിർമാണവും ഉടൻ പൂർത്തിയാകും. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിനുള്ള മറ്റ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഓൺലൈനായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി.
അദ്ധ്യാപക പരിശീലനം
കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ക്ലാസുകൾ തത്സമയം വെബിൽ ലഭിക്കും. പിന്നീട് കാണുന്നതിനായി കൈറ്റ് വിക്ടേഴ്‌സിന്റെ യൂട്യൂബ് ചാനലിലും ലഭ്യമാക്കും. ഓരോ ക്ലാസും അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക ഫീഡ് ബാക്ക്, പരിശീലനത്തിൽ പങ്കെടുക്കുന്നവർ അവരവരുടെ 'സമഗ്ര'ഡിജിറ്റൽ വിഭവ പോർട്ടലിൽ ലോഗിൻ ചെയ്തു സമർപ്പിക്കണം.
ഓൺലൈൻ ക്ലാസുകൾ
സ്‌കൂളുകളിൽ ജൂൺ 1 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനമെങ്കിലും പല സ്കൂളുകളും അനൗദ്യോഗിക വാട്സാപ്പ് ക്ളാസുകൾ തുടങ്ങി. ഒന്നിലും പ്ലസ്‌വണ്ണിലും പുതിയ പ്രവേശനം ആയതിനാൽ ഇവയൊഴികെയുള്ള ക്ലാസുകളാണ് ഓൺലൈനിൽ നടത്തുക. ഏഴ് പീരിയഡുള്ള പതിവു രീതിയിലായിരിക്കില്ല ക്ലാസ്. രാവിലെ തുടങ്ങുമ്പോൾ ആദ്യ പീരിയഡ് അഞ്ചാം ക്ലാസിനാണെങ്കിൽ രണ്ടാം പീരിയഡ് ആറാംക്ലാസിനോ ഏഴാംക്ലാസിനോ ആകാം.
ക്ലാസുകൾ വിക്ടേഴ്‌സ് ചാനലിൽ
വിക്ടേഴ്‌സ് ചാനൽ വഴിയായിരിക്കും ക്ലാസിന്റെ സംപ്രേഷണം. ഫോണിലും ടിവിയിലും കമ്പ്യൂട്ടറിലും ഇത് കാണാൻ സൗകര്യമേർപ്പെടുത്തും. വീട്ടിൽ ടിവിയോ നെറ്റ്‌സൗകര്യമുള്ള ഫോണോ,കമ്പ്യൂട്ടറോ ഇല്ലാത്ത കുട്ടികൾക്ക് സ്‌കൂളിലെ ടിവി, കമ്പ്യൂട്ടർ എന്നിവയിൽ ക്ലാസുകൾ കേൾക്കാൻ അനുമതി നൽകും
'' പുതുക്കിപ്പണിത രണ്ട് ഹൈസ്കൂളുകളുടേയും രണ്ട് പ്രൈമറി സ്കൂളുകളുടേയും ഉദ്ഘാടനം ഈ മാസം നടക്കും. ജില്ല സജ്ജമാണ്'' കെ.ജെ. പ്രസാദ്, കോ-ഓർഡിനേറ്റർ,
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സജ്ജീകരണങ്ങൾ
1 മുതൽ 7 വരെ ക്ലാസുകളിലെ അദ്ധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനം തുടങ്ങി
പൂർത്തിയായാൽ ബാക്കിയുള്ള ക്ളാസുകളിലെ അദ്ധ്യാപക പരിശീലനം
സ്കൂളുകൾ അണുനശീകരണം നടത്തി, കെട്ടിടനിർമാണം പൂർത്തിയാകുന്നു
ഓൺലൈൻ ക്ളാസുകൾക്ക് സമഗ്ര സംവിധാനം