manohar

ചങ്ങനാശേരി: ഇവിടെ മനസുകൾ തമ്മിൽ അകലമില്ല. ചങ്ങനാശേരി മലകുന്നം ചക്യായിൽ മനോഹർ തോമസും വീട്ടിൽ അതിഥിയായി എത്തിയ കുയിലും തമ്മിലുള്ള ചങ്ങാത്തത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ആ ചങ്ങാത്തം കണ്ടുനിൽക്കുന്നവർക്കും മനസാകെ ആനന്ദം. മനോഹർ തോമസിന്റെ വീട്ടിൽ ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയിലാണ് കുയിൽ അതിഥിയായി എത്തിയത്. കാക്കകളുടെ ആക്രമണത്തെ തുടർന്ന് കൂട്ടിൽ നിന്ന് താഴെ വീണ അതിഥിയെ രക്ഷിച്ചെടുത്ത് വീട്ടിൽ കൊണ്ടുവന്നത് ജ്യേഷ്ഠസഹോദരൻ മോൻസി തോമസാണ്. കുയിലിന് പിന്നെ രണ്ട് ആഴ്ചത്തെ ഹോം ക്വാറന്റയിൻ. പിന്നെ പറഞ്ഞയ്ക്കാൻ നോക്കിയെങ്കിലും വീട്ടിൽ നിന്നും പറന്നകലാൻ കുയിൽ കൂട്ടാക്കിയില്ല. വീട്ടുകാർ ഒന്ന് നീട്ടിവിളിച്ചാൽ മരക്കൊമ്പിൽ നിന്ന് പറന്നെത്തും. മനോഹർ തോമസും കുയിലുമായുള്ള സൗഹൃദം കാണാൻ കാഴ്ചക്കാരും ഏറെയാണ്. ചങ്ങനാശേരിയിൽ ഫോട്ടോസ്റ്റാറ്റ് ബിസിനസ് സ്ഥാപനം നടത്തുന്ന മനോഹർ തോമസ്, വ്യാപാരി വ്യവസായി സമിതിയംഗവും സാമൂഹ്യ പ്രവർത്തകനും, കർഷകനും കൂടിയാണ്. ഭാര്യ മഞ്ജു, മക്കളായ മിലൻ, മിലിയ എന്നിവരും കുയിലിന്റെ പരിചരണത്തിനായി ഒപ്പമുണ്ട്.