ചങ്ങനാശേരി നഗരത്തിൽ മഴക്കാലപൂർവ ശുചീകരണം
ചങ്ങനാശേരി: മഴയിൽ മാലിന്യത്തിൽ മുങ്ങുക... പോയവർഷങ്ങളിൽ ചങ്ങനാശേരിയുടെ അവസ്ഥ ഇതായിരുന്നു. എന്നാൽ ഇത്തവണ മഴയെത്തുംമുമ്പേ മാലിന്യപ്രശ്‌നത്തെ നേരിടാൻ ചങ്ങനാശേരി ഒരുങ്ങുകയാണ്. നഗരത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായി. ഉമ്പഴിച്ചിറ തോടിന്റെ ആരംഭം മുതൽ ആഴംകൂട്ടി വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. ഇതൊഴുകിയെത്തുന്ന മനയ്ക്കച്ചിറ ആവണി തോട്ടിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. തോടുകളിൽ മാലിന്യം അടിഞ്ഞുകൂടിയും കാടുകൾ വളർന്നും ഒഴുക്കു തടസ്സപ്പെട്ട നിലയിലായിരുന്നു. തോട് വൃത്തിയാക്കുന്നതോടെ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
ഒരു മഴയിൽ തന്നെ
ചെറിയ മഴപെയ്താൽ പോലും മനയ്ക്കച്ചിറ ആവണി ഭാഗത്ത് എ.സി റോഡിൽ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ഉമ്പഴിച്ചിറ തോട് വൃത്തിയാക്കിയതോടെ ഈ പ്രശ്‌നത്തിന് ഒരുവിധം പരിഹാരമാകും. മഴയ്ക്കു മുമ്പ് തന്നെ നഗരത്തിലെ പ്രധാന ഓടകളും അനുബന്ധ തോടുകളും വൃത്തിയാക്കാൻ നടപടി സ്വീകരിച്ചതായി നഗരസഭ ആക്ടിങ് ചെയർമാൻ ടി.പി അനിൽകുമാർ വ്യക്തമാക്കി.