കോട്ടയം : ന്യൂഡൽഹി- തിരുവനന്തപുരം രാജധാനി എക്സ്‌പ്രസിൽ ഇന്നലെ പുലർച്ചെ എറണാകുളത്ത് എത്തിയവരിൽ ജില്ലയിൽനിന്നുള്ള 75 പേർ. ഇവരിൽ 19 പേർ എറണാകുളത്തുനിന്നുതന്നെ സ്വകാര്യ വാഹനങ്ങളിൽ വീടുകളിലേക്ക് പോയി. 56 പേരെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ പുലർച്ചെ 4.45ന് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ചു. ഇവിടെ നിന്ന് ഏതാനും പേർ സ്വകാര്യ വാഹനങ്ങളിൽ സ്വദേശത്തേക്ക് പോയി. വീട്ടിൽ സമ്പർക്കം ഒഴിവാക്കി താമസിക്കാൻ സൗകര്യമില്ലാത്ത രണ്ടു പേരെ നിരീക്ഷണ കേന്ദ്രമായി പ്രവർത്തിക്കുന്ന എം.ജി സർവകലാശാലാ ഹോസ്റ്റലിൽ എത്തിച്ചു. ശേഷിച്ചവരെ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ വീടുകളിലേക്കയച്ചു. കടുത്തുരുത്തി-വൈക്കം, കറുകച്ചാൽ-ചങ്ങനാശേരി, പാലാ- ഈരാറ്റുപേട്ട റൂട്ടുകളിലാണ് ബസുകൾ പോയത്. ഡെപ്യൂട്ടി തഹസിൽദാർമാരായ ജോർജ് കുര്യൻ, ജോസ് കെ. തോമസ്, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി. വിജയകുമാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. വീടുകളിലേക്ക് പോയവർക്ക് 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയാനാണ് നിർദ്ദേശം.