kasa

കോട്ടയം : കാസർകോട് ആദ്യഘട്ടത്തിൽ കൊവിഡിനെ തുരത്താൻ മുഖ്യപങ്കുവഹിച്ച കോട്ടയത്തെ പുലികൾ ക്വാറന്റൈൻ പൂർത്തിയാക്കി വീണ്ടും ജോലിയിലേക്ക്. പേരൂർ കാസാമരിയ സെന്ററിൽ ക്വാറന്റൈൻ കാലം പൂർത്തിയാക്കിയ 25 പേരും വീടുകളിലേയ്ക്ക് മടങ്ങി. 25 ന് ജോലിയിൽ പ്രവേശിക്കും. കോട്ടയം മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം മേധാവിയായ ഡോ.മുരളീകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേയ് 1 മുതൽ ക്വാറന്റൈനിലായത്. നിരീക്ഷണ കാലം അവസാനിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലായിരുന്നു മടക്കം.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും, ആർ.എം.ഒ ആർ.പി രഞ്ജിനും ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തി. കാസ മരിയ സെന്ററിലെ ഫാ. ജോബി വട്ടക്കുന്നേൽ, ഫാ. സജി മുതിരേന്തിക്കൽ, ഫാ. ഷാജി പല്ലാട്ടുമഠത്തിൽ എന്നിവർക്ക് നന്ദി പറഞ്ഞാണ് എല്ലാവരും വാഹനത്തിൽ കയറിയത്. ജില്ലയിൽ ആദ്യം പ്രവർത്തനമാരംഭിച്ച കൊവിഡ് നിരീക്ഷണ കേന്ദ്രമായ കാസ മരിയ സെന്ററിൽ നാലു വിദേശ പൗരന്മാർ താമസിക്കുമ്പോഴാണ് മെഡിക്കൽ കോളേജ് സംഘം എത്തിയത്. വിദേശികളും ഇവിടെ ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ സംതൃപ്തി അറിയിച്ചാണ് മടങ്ങിയത്.