പാലാ: രാമപുരം വൈദ്യുതി സെക്ഷനു കീഴിലെ വൈദ്യുതി വിതരണം സംബന്ധിച്ച പരാതികൾക്ക് അടിയന്തിര പരിഹാരം കാണാൻ നിർദ്ദേശം നൽകിയതായി മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. വൈദ്യുതി വിതരണത്തിലെ തടസം സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നാണ് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടത്. വൈദ്യുതി തടസത്തെപ്പറ്റി നാട്ടുകാരുടെ പരാതിയും എം.എൽ.എയ്ക്ക് ഇന്നലെ ലഭിച്ചു. ഇക്കാര്യങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഫോണിൽ പരാതിപ്പെടുന്ന പൊതുജനത്തോടു രാമപുരത്തെ ചില എൻജിനീയർമാർ മോശമായി പെരുമാറുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നടപടിയുണ്ടാവുമെന്നും എം.എൽ.എ വ്യക്തമാക്കി.

രാമപുരത്ത് വൈദ്യുതി തടസ്സപ്പെട്ടാൽ 260 254 എന്ന ലാന്റ് ലൈന് പുറമേ 9496 008284 എന്ന മൊബൈൽ നമ്പരിലും ഉപഭോക്താക്കൾക്കു പരാതികൾ നൽകാം. കേന്ദ്രീകൃത നമ്പരായ 1912 എന്ന നമ്പരിലും പരാതി അറിയിക്കാൻ സൗകര്യമുണ്ട്. തകരാർ പരിഹരിക്കുന്നതിന് ഒരു ദിവസത്തിൽ കൂടുതൽ വൈകിയാൽ തന്നെ വിവരം അറിയിക്കണമെന്നും എം.എൽ.എ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.

കൂടുതൽ പരാതികൾ

ഇതിനിടെ രാമപുരത്തെ തുടർച്ചയായുള്ള വൈദ്യുതി തടസത്തിനെതിരെ കൂടുതൽ പരാതികളുയർന്നു. രാമപുരം സെക്ഷനു പരിധിയിൽ വരുന്ന ഏഴാച്ചേരി ,ചക്കാംമ്പുഴ ,വലവൂർ ,വെള്ളിലാപ്പള്ളി,എന്നീ മേഖലകളിൽ ചെറിയൊരു കാറ്റ് വിശിയാലും,മഴ പെയ്താലും കറന്റ് പോവുകയാണെന്നു കാട്ടി പാലാ പൗരാവകാശ സമിതി പ്രസിഡന്റ് വൈദ്യുതി വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇന്നലെ നിവേദനമയച്ചു.