കടനാട്: കടനാടിനെ വിശപ്പ് രഹിത പഞ്ചായത്താക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. ജനകീയ ഹോട്ടൽ മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. പ്രസിഡന്റ് ജയിസൺ പുത്തൻകണ്ടം അദ്ധ്യക്ഷത വഹിച്ചു. ജോസ് പ്ലാക്കൂട്ടം, ജിജി തമ്പി, ആന്റണി ഞാവള്ളി, സണ്ണി മുണ്ടനാട്ട്, ഉഷ രാജു, ബേബി ഉറുമ്പുക്കാട്ട്, ഷിലു കെ പി, പുഷ്പ റെജി തുടങ്ങിയവർ പങ്കെടുത്തു.

പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റപ്പെട്ടു കഴിക്കുന്നവർക്കും തുച്ഛ വരുമാനക്കാർക്കും ഉൾപ്പെടെ ഈ പദ്ധതി ഗുണകരമാകും. 20 രൂപയ്ക്കു ഊണും 25 രൂപയ്ക്ക് പാഴ്‌സലുമാണ് നൽകുന്നത്. അർഹതയുള്ളവർക്കു ഹോട്ടലിൽ നിന്നും സൗജന്യമായി ഉച്ചഭക്ഷണം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയിസൺ പുത്തൻകണ്ടം, സിഡിഎസ് ചെയർപേഴ്‌സൺ പുഷ്പ റെജി എന്നിവർ അറിയിച്ചു.