ചിക്കൻ @ 150

കോട്ടയം: ചിക്കൻ വില 150 കടന്നതോടെ ജില്ലയിലെ ഹോട്ടലുകളിൽ വൻപ്രതിസന്ധി. കൊവിഡ് 19 ന് പിന്നാലെ യാതൊരു മാനദണ്ഡവുമില്ലാതെ ചിക്കൻ വില വർദ്ധിച്ചതാണ് ഹോട്ടൽ വ്യവസായത്തിന് തിരിച്ചടിയായത്. ലോക്ക് ഡൗണിനെ തുടർന്നു ജില്ലയിലെ 90 ശതമാനം ഹോട്ടലുകളും രണ്ടു മാസമായി അടഞ്ഞുകിടക്കുകയാണ്. ഒരാഴ്‌ചയ്‌ക്കിടയിൽ 22 മുതൽ 35 രൂപ വരെയാണ് ചിക്കന് വില വർദ്ധിച്ചത്. ഇന്നലെ കോട്ടയം മാർക്കറ്റിൽ 154 രൂപയാണ് ചിക്കൻ വില.

തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിവരവ് നിലച്ചതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, മേയ് ആദ്യവാരം ചിക്കന് 117 രൂപയായിരുന്നു വില.

മുൻ വർഷങ്ങളിൽ നോമ്പ് കാലത്ത് ചിക്കന്റെ വിലയിടിയുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി ലോക്ക് ഡൗണിനെ തുടർന്നു പച്ചക്കറിയുടെ വരവും കുറഞ്ഞിരുന്നു. ലോക്ക് ഡൗൺ മത്സ്യമാർക്കറ്റുകളുടെ പ്രവർത്തനത്തെയും ബാധിച്ചു. ഇതോടെ ആളുകൾ കൂടുതലായി ചിക്കനെ ആശ്രയിക്കാൻ തുടങ്ങി. ഇത് മുതലെടുത്താണ് ചിക്കൻ വില വർദ്ധിപ്പിച്ചത്. എന്നാൽ, ഇതിന്റെ ഗുണം കർഷകർക്കു ലഭിക്കുന്നുമില്ല.

ഇങ്ങനെപോയാൽ ഹോട്ടൽ പൂട്ടും

ലോക്ക് ഡൗണിനെ തുടർന്നു ദിവസങ്ങളോളം അടച്ചിട്ടിരുന്ന ഹോട്ടലുകൾ പാഴ്‌സൽ സർവീസുകൾക്കായി മാത്രമാണ് ഇപ്പോൾ തുറക്കുന്നത്. പാഴ്‌സലായി പോകുന്നത് ചിക്കനും ബീഫും ഉൾപ്പെടെയുള്ള വിഭവങ്ങളാണ്. ഇതിൽ ചിക്കൻ വിഭവങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും. എന്നാൽ, പ്രതിസന്ധിയിലായ ഹോട്ടലുകൾക്ക് ഇപ്പോഴത്തെ ചിക്കന്റെ വില താങ്ങാവുന്നതിൽ അപ്പുറമാണ്.

വിലക്കയറ്റം പിടിച്ചുനിറുത്താൻ സർക്കാരിന്റെ കർശന ഇടപെടൽ വേണം. കൊവിഡിന് ശേഷം പല മേഖലകളിലും വില വർദ്ധിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.

എൻ.പ്രതീഷ്

ജില്ലാ പ്രസിഡൻ്റ്

ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ