ഇടുക്കി : കഴിഞ്ഞ ദിവസം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ബേക്കറിയുടമയുമായി സമ്പർക്കത്തിലേർപ്പെട്ടത് ഇരുന്നൂറിലേറെ പേർ. ഇന്നലെ വൈകിട്ട് അഞ്ച് വരെ കണ്ടെത്തിയ എണ്ണമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുറ്റടിയിലുള്ള ഇയാളുടെ ബേക്കറിയുമായി ബന്ധപ്പെട്ടവരാണ് ഇതിൽ ഭൂരിഭാഗവും. ഇയാളുടെ വീടിരിക്കുന്ന കരു ണാപുരം പഞ്ചായത്തിൽ നിന്ന് പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 25 പേരെയും കണ്ടെത്തി. ഇതിൽ രോഗബാധിതനായ യുവാവിന്റെ ഭാര്യയും രണ്ട് മക്കളും മൂന്ന് അടുത്ത ബന്ധുക്കളും ഒരു അയൽവാസിയുമുണ്ട്. ഇവരടക്കം എല്ലാ വരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. ഇദ്ദേഹവുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 15 ദിവസത്തിനിടെ ബേക്കറിയിൽ എത്തി അഞ്ച് മിനിട്ടിൽ കൂടുതൽ സമയം ചെലവഴിച്ചവരെ കണ്ടെത്താനാണ് ശ്രമം. ഇതിന് ശേഷം ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കും. ബേക്കറിയിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഇയാൾ കട്ടപ്പനയിലും വന്നതായി സൂചനയുണ്ട്. ഇതേസമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. തമിഴ്നാട്ടിൽ നിന്ന് ചരക്ക് ലോറിയുമായി വന്ന ഡ്രൈവർമാർ ബേക്കറിയിൽ കയറിയിട്ടുള്ളതിനാൽ അവിടെ നിന്നാകാം രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ബേക്കറിയിൽ വന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പകർന്നതാണോയെന്നും സംശയമുണ്ട്.