കാഞ്ഞിരപ്പള്ളി: സാധാരണക്കാരോടൊപ്പം നാട്ടുവിശേഷങ്ങൾ പറഞ്ഞും കളിച്ചും ചിരിച്ചും നടന്നിരുന്ന ആഷിക് ഷാജഹാൻ മജിസ്‌ട്രേറ്റ് ആയി മാറിയപ്പോൾ അതുവരെ കൂടെ നടന്നവർക്കൊക്കെ പെട്ടെന്നൊരു ഭാവമാറ്റം. ഒരു ഭയഭക്തിബഹുമാനംപോലെ. പക്ഷേ ആഷിക്കിന്റെ മുഖത്ത് ചിരി മാത്രം. മുപ്പത്തിരണ്ടു തസ്തികയിലേക്ക് മൂവായിരം പേരെഴുതിയ പരീക്ഷയിൽ കോട്ടയം ജില്ലയിൽ നിന്നും വിജയിച്ച നാലു പേരിൽ ഒരാളാണ് ആഷിക്ക് ഷാജഹാൻ. കുറുവാമുഴി മേച്ചേരിൽ ഷാജി ജബ്ബാറിന്റേയും അൻസൽനയുടേയും മകൻ. ബി.ബി.എ എൽ.എൽ.ബി ഓണേഴ്‌സ് അഞ്ചു വർഷ കോഴ്‌സ് ആഷിക്ക് എം.ജി യൂണിവേഴ്‌സിറ്റി നടത്തുന്ന ലീഗൽ തോട്ടിലാണ് പഠിച്ചത്. തുടർന്ന് കോട്ടയം ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. 2019 ൽ കേരള ജ്യുഡീഷ്യൽ എക്‌സാമിനേഷൻ നടത്തിയ മജിസ്‌ട്രേറ്റ് തസ്തികയിലേക്കുള്ള പരീക്ഷയിൽ വിജയിച്ചു. ഇനി എറണാകുളം ജുഡീഷ്യൽ അക്കാദമിയിലെ ഒരു വർഷക്കാലം നീളുന്ന ക്ലാസിനു ശേഷമാണ് മജിസ്ട്രേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുക. സഹോദരൻ ആബിദ് ഷാജി മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.