പൊൻകുന്നം : കേബിൾ ടി.വിയുടെ ഓഫീസിൽ മാസവരി അടയ്ക്കാനെത്തിയതാണ് അവർ രണ്ടുപേരും. ഒരാൾ മാസ്‌കും മറ്റേയാൾ ടവ്വലും കൊണ്ട് മുഖാവരണം അണിഞ്ഞിരിക്കുന്നു. പുറത്ത് കാണാവുന്നത് കണ്ണും നെറ്റിയും മാത്രം. മാസ്‌ക് ധരിച്ചത് ചെറുപ്പക്കാരനും ടവ്വൽ പ്രായം കൂടിയ ആൾക്കുമാണ്. ഇരുവരും മുഖത്തോട് മുഖം നോക്കി. ടവ്വലിനുള്ളിൽ ഒരു പുഞ്ചിരി വിരിഞ്ഞെന്ന് മാസ്‌കിന് തോന്നിയത് കൊണ്ട് മാസ്‌കിനുള്ളിലും തിരിച്ചൊരെണ്ണം വിരിഞ്ഞു. ഒത്തിരിനാളായല്ലോ കണ്ടിട്ട് ഇവിടെങ്ങും ഇല്ലായിരുന്നോ. ടവ്വലിനിടയിലൂടെ ചോദ്യം പുറത്തുവന്നു. ഞാൻ മിക്കവാറും ടൗണിലൊക്കെ വരാറുണ്ട് ചേട്ടൻ കാണാത്തതാ. ഞാനങ്ങനെ അധികമൊന്നും ഇറങ്ങാറില്ല.പിന്നെ കഴിഞ്ഞദിവസം അച്ഛനെ കണ്ടിരുന്നു ഞങ്ങള് കുറേനേരം സംസാരിച്ചു വിശേഷങ്ങളൊക്കെ പറഞ്ഞു. ആരെ എന്റെ അച്ഛനെയോ. മാസ്കിന് അതിശയം. അതെ,ആശുപത്രിയിൽ വച്ച് . ഞങ്ങൾ ഒന്നിച്ചാ മരുന്നുവാങ്ങി തിരിച്ചുപോയത്. അച്ഛൻ മരിച്ചിട്ട് രണ്ടുവർഷമായി. ങ്‌ഹേ..പാറേലെ കുഞ്ഞേപ്പിന്റെ മോനല്ലേ? അല്ല.മാസ്ക് നീക്കി ചെറുപ്പക്കാരൻ പറഞ്ഞു. ഞാൻ ചേന്നാട്ടെ സോമന്റെ മോനാ. ചേട്ടൻ മോളേലെ വർക്കിച്ചേട്ടനല്ലേ?വർക്കിച്ചേട്ടനാ പക്ഷേ ഞാൻ മോളേലെയല്ല. ടവ്വൽ അഴിച്ചുമാറ്റി മുഖം കാട്ടി വർക്കിച്ചേട്ടൻ പറഞ്ഞു. ഞാൻ മൊട്ടക്കുന്നേലെയാ. സോറി..ആളുമാറിയതാ ഞാൻ വിചാരിച്ചു മോളേലെ വർക്കിച്ചേട്ടനാണെന്ന്. അങ്ങനെ അപരിചിതരായ രണ്ടുപേരും ലോക്ക്ഡൗൺ സുഹൃത്തുക്കളായി പിരിഞ്ഞു.