ഏഴാച്ചേരി: കരൾ രോഗത്താൽ ബുദ്ധിമുട്ടുന്ന മൈക്ക് ഓപ്പറേറ്റർ രാമപുരം വെള്ളക്കട സരിഗ വിജയന് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം വക അരലക്ഷത്തിന്റെ സഹായം. ഇന്നലെ ചേർന്ന കാവിൻപുറം ദേവസ്വത്തിന്റേയും എൻ.എസ്.എസ് കരയോഗത്തിന്റെയും അടിയന്തിര സംയുക്തയോഗമാണ് തീരുമാനം എടുത്തതെന്ന് ദേവസ്വം മാനേജർ ടി.എൻ. സുകുമാരൻ നായർ അറിയിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ടായി കാവിൻപുറം ക്ഷേത്രോത്സവത്തിന് ശബ്ദവും വെളിച്ചവുമൊരുക്കിയിരുന്നത് വിജയനായിരുന്നു. വിജയൻ സഹായ സമിതി രൂപീകരിച്ച ഉടൻ അര ലക്ഷം രൂപാ സംഭാവന നൽകാൻ തീരുമാനിച്ച കാവിൻപുറം ദേവസ്വം ഭരണസമിതിയെ , സഹായസമിതി കൺവീനർ കൂടിയായ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ അഭിനന്ദിച്ചു. പഞ്ചായത്തു തലത്തിലാകെ തുക സമാഹരിക്കുന്നതിനു തുടക്കം കുറിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 11ന് രാമപുരം പഞ്ചായത്തുസമിതിയുടെ അടിയന്തിര യോഗം ചേരുമെന്നും ബൈജു ജോൺ അറിയിച്ചു.