പാലാ: ഭാഗവത ഗ്രന്ഥം മടക്കി വെച്ചു ; ചുണ്ടിൽ നാമമന്ത്രങ്ങളുമായി ഭാഗവതാചാര്യൻ അമനകര പി.കെ.വ്യാസൻ കൃഷിയിടത്തിലേക്കിറങ്ങി. സപ്താഹ വേദി പോലെ മണ്ണിപൂജിച്ചു പരിപാലിച്ചു ;സത്ഫലങ്ങൾ നൂറുമേനി. മനസുകൊണ്ട് കൃഷിയെ തൊട്ടറിഞ്ഞ വ്യാസൻ പറയുന്നു.... എല്ലാം ഭഗവാന്റെ അനുഗ്രഹം.!
നീണ്ട മൂന്നു പതിറ്റാണ്ടായി പ്രഭാഷണരംഗത്തും ഒരു വ്യാഴവട്ടമായി ഭാഗവത സപ്താഹ യജ്ഞങ്ങളിലും ആചാര്യനാണ് അമനകര പി.കെ. വ്യാസൻ. ഭക്തജനങ്ങൾക്കിടയിൽ 'വ്യാസൻ ജി' എന്നറിയപ്പെടുന്ന ഇദ്ദേഹത്തിനു കൃഷിയിടവുമുണ്ട്. എന്നാൽ സപ്താഹ വേദികളിൽ നിന്ന് വേദികളിലേക്കുള്ള പാച്ചിലിനിടയിൽ കൃഷിയെക്കുറിച്ച് ചിന്തിക്കാൻ സമയം കിട്ടിയിരുന്നില്ല. എന്നാൽ ലോക്ക്ഡൗൺ വന്നതോടെ പൂർണ്ണമായും കൃഷിയിടത്തിലേക്ക് ഇറങ്ങാം എന്നൊരു മനംമാറ്റം.
വാഴ, ചേമ്പ്, കാച്ചിൽ, ചീര തുടങ്ങി പത്തോളം പച്ചക്കറികൾ നട്ടു പരിപാലിച്ചു. പൂർണ്ണമായും ജൈവ വളം മാത്രം ഉപയോഗിച്ചുള്ള കൃഷികൾ.
കഴിഞ്ഞ ദിവസം വിളവെടുത്ത ചീര അയൽവാസികളും സുഹൃത്തുക്കളും ഉൾപ്പെടെ അമ്പതോളം പേർക്ക് സൗജന്യമായി നൽകി. വാഴക്കുലകൾ നാട്ടുചന്തയിലൂടെ വിറ്റഴിച്ചു.
മാർച്ച് മുതൽ മെയ് വരെ ആറ് ക്ഷേത്രങ്ങളിൽ നിശ്ചയിച്ചിരുന്ന കണ്ണകി യജ്ഞം, അയ്യപ്പസത്രം, ഭാഗവത സപ്താഹം, ദേവീ ഭാഗവത നവാഹയജ്ഞം എന്നിവയിൽ മുഖ്യാചാര്യനായി വ്യാസനെ നിയോഗിച്ചിരുന്നു. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാം റദ്ദാക്കി.
ദിവസവും പുലർച്ചെയുള്ള പൂജയും പ്രാർത്ഥനയും കഴിഞ്ഞാൽ തൂമ്പയുമെടുത്ത് വ്യാസൻ പറമ്പിലേക്കിറങ്ങും. പിന്നെ സന്ധ്യാപ്രാർത്ഥനയുടെ സമയം വരെ കൃഷിഭൂമിയിലാണീ ആചാര്യന്റെ യജ്ഞം. ഭാര്യ ശ്രീദേവിയും മക്കളായ വിഷ്ണുദാസും വേദജിത്തും കൃഷിയിൽ ഈ യജ്ഞാചാര്യന്റെ സഹ ആചാര്യന്മാരാണ്.