കോട്ടയം : വേനൽ മഴ ശക്തമായി ആറുകളിൽ ജലനിരപ്പ് ഉയരും മുൻപേ ലക്ഷങ്ങൾ മുടക്കി താഴത്തങ്ങാടിയിൽ നിർമ്മിച്ച താത്കാലിക തടയണ തകർന്നു. തെങ്ങിൻ കുറ്റിയും ഈറയും മണ്ണും ചെളിയും ഉപയോഗിച്ച് ബലപ്പെടുത്തി നിർമ്മിക്കേണ്ട തടയണ ആവശ്യത്തിന് മണ്ണിട്ട് ഉറപ്പിക്കാത്തതാണ് ഒഴുക്ക് ശക്തിപ്രാപിക്കും മുമ്പ് തള്ളിപ്പോകാൻ കാരണമായി നാട്ടുകാർ പറയുന്നത്. എല്ലാവർഷവും തടയണ നിർമ്മിച്ച് പൊളിച്ചു കളയുന്നതിനുള്ള തുക ചേർത്താണ് ടെൻഡറെങ്കിലും തടയണ പൊളിച്ചു കളയേണ്ടി വന്നിട്ടില്ല. താനേ തകരുകയാണ്. മണ്ണിന്റെ അളവ് കുറയ്ക്കുന്നതോടെ രണ്ട് മഴപെയ്താൽ മണ്ണ് കുതിർന്ന് ആറ്റിലേക്ക് താഴും ഇതോടെ തടയണ പൊട്ടി വെള്ളമൊഴുകും. കുറഞ്ഞ മുടക്ക് മുതലിൽ കൂടുതൽ ലാഭം കൊയ്യാൻ കഴിയുമെന്നതിനാൽ തടയണ കരാർ ഉറപ്പിക്കാൻ ഇടിയാണ്.

ഉദ്യോഗസ്ഥന്മാരും കരാറുകാരും ചേർന്ന് കീശ നിറക്കുന്ന ഏർപ്പാടായി തടയണ നിർമാണം മാറിയെന്ന പരാതി വ്യാപകമായതോടെ സ്ഥിരം തടയണയെന്ന ആവശ്യം ശക്തമായി. ജലഗതാഗതത്തെ ബാധിക്കാത്ത തരത്തിൽ സ്പിൽവേ നിർമിക്കാൻ തീരുമാനിച്ചെങ്കിലും പത്തു കാശുണ്ടാക്കാവുന്ന താത്കാലിക തടയണയോട് താത്പര്യമുള്ള ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്മാർ ഇടങ്കോലിട്ടതിനാൽ സ്ഥിരം തടയണ കടലാസ് പദ്ധതിയായി. തണ്ണീർ മുക്കം ബണ്ട് ഷട്ടർ തുറക്കുന്നതോടെ ഉപ്പുവെള്ളം ഒഴുകിയെത്തി ശുദ്ധജലവിതരണം തടസപ്പെടാതിരിക്കാനാണ് മീനച്ചിലാറിന് കുറുകെ എല്ലാ വർഷവും താത്കാലിക ഓരു മുട്ട്നിർമിക്കുന്നത് .

മാർച്ച് അവസാനം ഉപ്പിന്റെ അളവ് 80 മുതൽ 250 പി.പി എമ്മും, വരെ എത്തുന്ന സമയത്താണ് കുടമാളൂർ, അറുത്തൂട്ടി, കല്ലുമട, അഞ്ചുണ്ണിത്തോട്, താഴത്തങ്ങാടി എന്നിവിടങ്ങളിൽ ഓരു മുട്ടുകൾ സ്ഥാപിക്കുക.

കുമരകം.തിരുവാർപ്പ്, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തുന്ന താഴത്തങ്ങാടി കുളപ്പുരക്കടവ് പമ്പിംഗ് സ്റ്റേഷനിൽ ഉപ്പുവെള്ളമെത്താതിരിക്കാനാണ് കുളപ്പുരക്കടവിൽ തടയണ നിർമ്മിക്കുന്നത്. മേയ് അവസാനം പൊളിച്ച് കളയുകയാണ് പതിവെങ്കിലും നിർമാണത്തിലെ 'ഗുണനിലവാര കൂടുതൽ 'കാരണം എല്ലാ വർഷവും തടയണ താനേ പൊളിയുന്നതിനാൽ കരാറുകാരൻ ഹാപ്പിയാണ്. താഴത്തങ്ങാടിയിൽ ആദ്യം തകരും. പിറകേ മറ്റുള്ളവയും. ജലനിരപ്പ് ഉയരുന്നതോടെ ഉപ്പിന്റെ സാന്ദ്രത കുറയുന്നതിനാൽ ഓരുവെള്ളം ജലസംഭരണിയിലെത്തില്ല. ഇതാണ് താത്കാലിക തടയണ പൊട്ടിയാലും കരാറുകാർ രക്ഷപ്പെടുന്നത്.

താഴത്തങ്ങാടിയിൽ താത്കാലിക തടയണ നിർമ്മിച്ച് കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് സർക്കാർ ഖജനാവ് സ്ഥിരമായി മുടിക്കുന്ന തട്ടിപ്പ് അവസാനിക്കണം. സ്ഥിരം സ്ഫിൽവേ എന്ന വർഷങ്ങളായുള്ള ആവശ്യം നടപ്പാക്കണം.

ഷാഹൂൽ ഹമീദ്, പ്രദേശവാസി