കോട്ടയം : നല്ല തെങ്ങിൻ കള്ള് കുടിക്കാനായി രാവിലെ തന്നെ ഷാപ്പിന് മുന്നിലെത്തിയതാണ് മണിപ്പുഴ സ്വദേശി രാജൻ. മിനിറ്റുകൾക്കുള്ളിൽ ആളുകളുടെ എണ്ണം കൂടി. നീണ്ടനിരയായി. കാത്തിരിപ്പ് മണിക്കൂറുകൾ പിന്നിട്ടു. കള്ള് മാത്രം കിട്ടുന്നില്ല. തിരക്കിയപ്പോൾ കള്ളില്ലെന്ന മറുപടി. ഇതാണ് ജില്ലയിലെ ഭൂരിഭാഗം ഷാപ്പുകളിലെയും സ്ഥിതി.

സർക്കാർ അനുമതിയോടെ ഷാപ്പ് തുറന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും ആവശ്യത്തിന് കള്ള് കിട്ടാനില്ല. കുമരകത്തെയും, ഒറ്റപ്പെട്ട മേഖലകളിലെയും തെങ്ങു ചെത്തിയുള്ള കള്ള് മാത്രമാണ് എത്തുന്നത്. അതിനാൽ തുറന്നതിലും വേഗത്തിൽ പല ഷാപ്പുകളും അടയ്ക്കുകയാണ്.

ജില്ലയിൽ 530 ഷാപ്പുകൾക്കാണ് നിലവിൽ ലൈസൻസുള്ളത്. ശരാശരി 250 മുതൽ 300 ലിറ്റർ കള്ളെങ്കിലും വേണം. പ്രതിദിനം കിട്ടുന്നതാകട്ടെ 75 മുതൽ 80 ലിറ്റർ വരെ. കോട്ടയം റേഞ്ചിൽ 52 ഷാപ്പുകളാണുള്ളത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷമായതോടെ 12 ഷാപ്പുകൾ ഇതുവരെയും ലൈസൻസ് പുതുക്കിയിട്ടില്ല.

ലൈസൻസുള്ളത് : 530 ഷാപ്പ്

കള്ളടിക്കാൻ കടക്കണം കടമ്പ

കോട്ടയത്തിന് വയർ നിറച്ച് കള്ളടിയ്‌ക്കാൻ ഇനിയും കാത്തിരിക്കണം. രണ്ടുമാസമായി ചെത്താതെ കിടക്കുന്ന തെങ്ങ് ഇനി ഒന്ന് മുതൽ ഒരുക്കി വരണം. ഇത്തരത്തിൽ തെങ്ങ് ഒരുക്കുന്നതിനായി കോട്ടയത്തു നിന്ന് തൊഴിലാളികൾ പാലക്കാടിന് പോകണം. ഇതിന് ആദ്യം ഷാപ്പിരിക്കുന്ന റേഞ്ചിൽ അപേക്ഷ നൽകണം. ഈ അപേക്ഷയുമായി പാലക്കാട് എത്തി വൃക്ഷക്കരം കെട്ടി പെർമിറ്റ് വാങ്ങണം.

ആവശ്യത്തിന് കള്ളില്ലെന്നത് പ്രതിസന്ധി തന്നെയാണ്. പാലക്കാട് നിന്നുള്ള കള്ളാണ് ജില്ലയിൽ കൂടുതലായി എത്തുന്നത്. കുമരകത്തു നിന്നുള്ള കള്ളാണ് ഇപ്പോൾ ജില്ലയിൽ എത്തുന്നത്. ഇത് ആവശ്യത്തിന് പോലും തികയുന്നില്ല.

കെ.കെ ബിജുമോൻ,ഷാപ്പ് ഉടമ പന്നിമറ്റം