പാലാ : രാമപുരത്ത് ഡെങ്കിപ്പനിയെ നേരിടാൻ സമഗ്രമായ പരിപാടികളുമായി ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ഒത്തുകൂടി. രാമപുരം പഞ്ചായത്തിലെ 15, 16 വാർഡുകളിലെ കൂടപ്പുലം, ജില്ലയിലെ അരീക്കര, ഉഴവൂർ മേഖലകളിൽ ഡെങ്കിപ്പനിയും സമാന രോഗലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജില്ലാ അധികൃതരും രാമപുരം പഞ്ചായത്തിലെ ജനപ്രതിനിധികളും സംയുക്തമായി നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ദിവാകരൻ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, വാർഡംഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളുമായ ലിസി ബേബി, എം.പി. ശ്രീനിവാസൻ, മിനി ശശി, ഡെപ്യൂട്ടി ഡിഎംഒ ഡോ. വി.കെ. രാജൻ, ജില്ലാ മലേറിയ ഓഫീസർ വി.എസ്. അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ ജോൺസൺ മാത്യു, ടെക്‌നിക്കൽ അസി. ശശികുമാർ, ഡോ. സുകുമാരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മേഴ്‌സി ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദിനാചരണവും ബോധവത്ക്കരണ പ്രവർത്തനങ്ങളും നടന്നത്. ലോക്ക്ഡൗൺ കാലമായതിനാൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചുമായിരുന്നു ദിനാചരണം. ഇതിന്റെ ഭാഗമായി ജനകീയ കാമ്പയിനും നടന്നു.