വൈക്കം തലയോലപ്പറമ്പ് മേഖലയിൽ പൈപ്പ് പൊട്ടൽ
വൈക്കം: പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകിപ്പരക്കുന്നു... ഇത് വൈക്കം തലയോലപ്പറമ്പ് മേഖലയിൽ സ്ഥിരം കാഴ്ചയായി മാറുകയാണ്. പരാതി പറഞ്ഞാലും പരിഹാരമില്ലെന്ന് നാട്ടുകാരും തിറന്നടിക്കുന്നു. തലയോലപ്പറമ്പ് മാർക്ക്റ്റ്, പള്ളിക്കവല ജംഗ്ഷൻ, വൈക്കം വലിയ കവലയ്ക്ക് സമീപം,തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുന്നത്. ആഴ്ചകൾക്ക് മുമ്പാണ് ഈ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയത്. വെള്ളം റോഡിലേക്ക് ഒഴുകിപ്പരന്നതോടെ യാത്രക്കാർക്കും അത് വിനയായി. റോഡ് പൊട്ടിപൊളിയാനും സാധ്യത ഏറി. വൈക്കം പടിഞ്ഞാറെനടയ്ക്ക് വടക്കുഭാഗത്തിന് സമീപവും കുടിവെള്ളം അന്ധകാര തോട്ടിലേയ്ക്കൊഴുകിയിരുന്നു. പൈപ്പിലെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
സമരം തന്നെ പ്രശ്നം
വാട്ടർ അതോറിറ്റിയിൽ പൈപ്പ് പൊട്ടിയ കാര്യം അറിയിച്ചെങ്കിലും അറ്റകുറ്റ പണികൾ നടത്തുന്ന കരാർ തൊഴിലാളികൾ സമരത്തിലെന്നാണ് മറുപടി ലഭിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. പൈപ്പ് പൊട്ടലിനൊപ്പം മഴ കൂടി കനത്തോടെ റോഡുകൾ ചെളിക്കുളമാകാനുള്ള സാധ്യതയും ഏറി.