നല്ല കുടിയന്മാരും സമർത്ഥന്മാരായ മദ്യ കച്ചവടക്കാരുമുള്ള ജില്ലയാണ് കോട്ടയം. ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതോടെ പല ജില്ലക്കാരും വാറ്റിന്റെയും അരിഷ്ടത്തിന്റെയും പിറകേ പോയപ്പോൾ ഇവിടത്തെ കുടിയന്മാർ പിടിച്ചു നിന്നു .
കള്ളുഷാപ്പ് തുറന്നെങ്കിലും വിദേശിയോട് ഏറെ താത്പര്യമുള്ള ചുറ്റുവട്ടത്തെ കുടിയന്മാർ ബിവറേജ് തുറക്കാൻ മുട്ടിപ്പായി പ്രാർത്ഥനയിലായിരുന്നു. സിനിമ കാണുന്നതിന് കൂടുതൽ പണം മുടക്കി ഓൺലൈനിൽ ബുക്കുചെയ്യുന്നവരാണ് ഏറെയും . മദ്യം ഓൺലൈനിൽ ബുക്ക് ചെയ്യാൻ വെർച്വൽ ക്യൂ ആപ്പും നോക്കിയിരിക്കുകയാണ് പലരും. ബിവറേജിലെ ക്യൂവിൽ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങാൻ പണ്ടേ താത്പര്യമില്ല. കാശ് കൂടുതൽ വാങ്ങിയാലും സൂപ്പർ മാർക്കറ്റിലും സപ്ലൈക്കോ ഔട്ട്ലെറ്റിലുമെല്ലാം മദ്യം കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭുരിപക്ഷമെങ്കിലും ഖദറിലും ചെങ്കൊടിയിലും വരെ മദ്യത്തിന്റെ മണമുള്ള രാഷ്ടീയക്കാരുടെ ബാർ ബന്ധം കാരണം കോട്ടയത്ത് മാത്രം ഇതുവരെ അത്തരം മദ്യവിൽപ്പന ശാലകൾ തുറന്നിട്ടില്ല.
മദ്യമെന്നു കേട്ടാൽ ചില മദ്യനിരോധനസമിതിക്കാർ കുടയും കുരിശുമായിറങ്ങും. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ മുന്തിയ മദ്യം വിൽക്കാൻ സർക്കാർ താത്പര്യം കാട്ടിയിട്ടും അതിനും പാര പണിതവരായിരുന്നു കൊടിയുടെ നിറവ്യത്യാസമില്ലാത്ത രാഷ്ടീയക്കാർ. സ്വന്തം സമുദായത്തിലെ കുടിയന്മാരെ മദ്യനിരോധനത്തിലേക്ക് കൊണ്ടു പോകാൻ കഴിയാത്തവരും കള്ളിലും വീര്യമുള്ള വൈൻ മദ്യമല്ലെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പേടിച്ചാണ് ബാർ മുതലാളിമാർ ഇരിക്കാൻ പറഞ്ഞാൽ പെടുക്കുന്ന രാഷ്ടീയക്കാർ ഉരുണ്ടു കളിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ ഇച്ഛാശക്തി കാട്ടണം .
കൊവിഡ് വ്യാപനം തടയാൻ ബിവറേജ് ഔട്ട് ലെറ്റുകളിൽ സാമൂഹ്യ അകലം പാലിക്കണം. അതിനാണ് വെർച്വൽ ക്യൂ സംവിധാനം സർക്കാർ കൊണ്ടു വരുന്നത്. ഒരു മീറ്റർ അകലം പാലിക്കേണ്ടതിനാൽ ബിവറേജിന് മുന്നിൽ ക്യൂ വിന്റെ നീളം വഴിയിലേക്ക് നീളുമെന്ന് ഉറപ്പായി. കൈയ്യിൽ സാനിറ്റൈസർ പുരട്ടിച്ച് വെയിലു കൊള്ളിച്ചും വെർച്വൽ ക്യൂവിൽ നിറുത്താതെ ഓൺലൈൻ കമ്പനികൾ ഹോട്ടൽ ഭക്ഷണം വീട്ടിൽ എത്തിക്കുന്നതു പോലെ പണം കൂടുതൽ തരാം മദ്യം വീട്ടിൽ എത്തിക്കാൻ വല്ല വകുപ്പുമുണ്ടോയെന്നാണ് ചോദിക്കുകയാണ് നാട്ടുകാർ.
ബിവറേജസ് ഔട്ട് ലെറ്റിൽ ടോക്കൺ സംവിധാനം വന്നാലും അലമ്പിന് വലിയ കുറവുണ്ടാകുമെന്ന് തോന്നുന്നില്ല. വാഹനമോടിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ മദ്യം കൊണ്ട് പോകാനും ബുദ്ധിമുട്ടാണ് . വീട്ടിൽ കൊണ്ടുപോയി അടിക്കാൻ ബുദ്ധിമുട്ടുള്ളവർ നിൽപ്പനടിക്കാൻ ഇടറോഡുകൾ തേടും. കൊവിഡിൽ വേറെ പണിയുള്ളതിനാൽ പൊലീസുകാരെ ബിവറേജിന് മുന്നിൽ നിറുത്താനും ബുദ്ധിമുട്ടാണ് . സർക്കാരിന്റെ വരുമാന സ്രോതസ് മദ്യ വിൽപ്പനയാണ് .
ബാറുകളിൽ ബിവറേജസ് വിലയിൽ സാധനം വിൽക്കണമെന്നാണ് സർക്കാർ നിർദ്ദേശം. പെഗ് നിരക്കിൽ വിറ്റ് കാശുണ്ടാക്കിയിരുന്ന ബാറുടമകളിൽ പലരും സെക്കന്റ്സ് വിൽക്കുന്നുവെന്ന പരാതി പണ്ടേയുണ്ട്. വിലക്കുറച്ച് മദ്യം വിൽക്കുമ്പോൾ അത് സെക്കന്റ്സ് ആയിരിക്കുമോ എന്നു സംശയിക്കുന്ന കുടിയന്മാരുമുണ്ട്. റെസ്റ്റോറന്റ് ഇല്ലാതെ മദ്യം മാത്രം കൗണ്ടറിൽ വിറ്റാൽ എങ്ങനെ മിടുക്കന്മാരായ മദ്യമുതലാളിമാർക്ക് മുതലാകുമോയെന്ന ചോദ്യത്തിന് ഉത്തരമില്ല.