കോട്ടയം : കൊവിഡിനെതിരെ കേരളം പടുത്തുയർത്തിയ പ്രതിരോധ മുന്നേറ്റത്തിന്റെ കാഴ്ചകളൊരുക്കി കോട്ടയത്ത് കാർട്ടൂൺ മതിൽ ഉയർന്നു. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാഡമിയും ചേർന്നാണ് ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ വരകളിൽ ഇടംപിടിച്ചു. കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂർ, രതീഷ് രവി, ഇ.വി. പീറ്റർ, പ്രസന്നൻ ആനിക്കാട്, വി.ആർ. സത്യദേവ്, അനിൽ വേഗ, അബ്ബ വാഴൂർ, ഷാജി സീതത്തോട് എന്നിവരാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ മതിലിൽ കാർട്ടൂണുകൾ വരച്ചത്.
കാർട്ടൂണിസ്റ്റുകൾക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്ത് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ഭാഗ്യശ്രീ തുടങ്ങിയവർ സന്നിഹിതരായി.