വൈക്കം: വൈക്കത്ത് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ നിർമിക്കുന്ന മൾട്ടിപ്ലക്‌സ് സിനിമ തിയേറ്റർ സമുച്ചയത്തിന് അടുത്തയാഴ്ച ചേരുന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ അംഗീകാരം ലഭിക്കും. ഇതിനുമുന്നോടിയായി കെ.എസ്.എഫ്.ഡി.സി എൻജിനീയർ ജോസ്, പ്രൊജക്ട് ടീം ലീഡർ രാജേന്ദ്രൻ, നഗരസഭ ചെയർമാൻ ബിജു കണ്ണേഴത്ത്, മുൻ ചെയർമാൻ പി ശശിധരൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി വാസു, കൗൺസിലർ എസ് ഹരിദാസൻ നായർ, മുൻസിപ്പൽ എൻജിനീയർ ആരതി എന്നിവർ തീയ്യറ്റർ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചു. ആറാട്ടുകുളങ്ങരയ്ക്ക് കിഴക്കുഭാഗത്ത് വ്യവസായ എസ്റ്റേറ്റിനായി വാങ്ങിയ നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ നിന്നും 80 സെന്റ് സ്ഥലമാണ് പാട്ട വ്യവസ്ഥയിൽ കെ.എസ്.എഫ്.ഡി.സിക്ക് നൽകുന്നത്. ഇവിടെ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയേറ്റർ നിർമിക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്.