എരുമേലി : പമ്പയാറിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒപ്പം അപകടത്തിൽപെട്ട ബന്ധുവായ യുവാവിനെ നാട്ടുകാരായ രണ്ട് പേർ ചേർന്ന് രക്ഷിച്ചു. പരേതനായ കൊല്ലംപറമ്പിൽ ശശിയുടെ മകൻ അഭിലാഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഭിലാഷിന്റെ മാതൃസഹോദരിയുടെ മകൻ ശ്രീജിത്ത് (18) നെയാണ് നാട്ടുകാർ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് ആറിന് ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിക്ക് സമീപമുള്ള കടവിലാണ് സംഭവം. ഇരുവരും കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. ഈ സമയം കടവിന് സമീപം ഉണ്ടായിരുന്ന നാട്ടുകാരായ അക്കരക്കടുപ്പിൽ ജോജോ, പുല്ലാട്ട് സാബു എന്നിവർ ചേർന്നാണ് ശ്രീജിത്തിനെ രക്ഷിച്ച് കരയിലെത്തിച്ചത്. ഇവരെത്തിയപ്പോഴേക്കും അഭിലാഷ് ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ താഴ്ന്നുപോയിരുന്നു. എരുമേലി പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിൽ നാട്ടുകാരനായ മങ്കൊമ്പിൽ സ്‌കറിയ ആണ് മൃതദേഹം കണ്ടെടുത്തത്. അഭിലാഷിന്റെ പിതാവ് ശശി ഒന്നര വർഷം മുമ്പ് വീട്ടുമുറ്റത്ത് കിണറ്റിൽ വീണാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.