ചിങ്ങവനം: റോഡരികിൽ കിടന്നു കിട്ടിയ പണം പൊലീസ് സ്റ്റേഷൻ വഴി ഉടമയുടെ കൈകളിൽ എത്തിച്ച വ്യാപാരി മാതൃകയായി. ചാന്നാനിക്കാട് പലചരക്ക് കട നടത്തുന്ന പീടികയിൽ രാജുവാണ് കഴിഞ്ഞ ദിവസം പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ഭാഗത്തു വച്ച് റോഡിൽ കിടന്നു കിട്ടിയ 15000 രൂപ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കട അടച്ച ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെയാണ് രാജുവിന് റോഡരികിൽ കിടന്ന് പണം കിട്ടിയത്. ഈ പണം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിനെ ഏൽപ്പിച്ചു. ഇതിനിടെ പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയുമായ സനൂപ് തൻ്റെ പണം നഷ്‌ടമായെന്ന് കാട്ടി പരാതിയുമായി എത്തി. തുടർന്ന് ഇന്നലെ സനൂപും രാജുവും പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി. രാജു പണം സനൂപിന് കൈമാറി. പൊലീസ് സ്റ്റേഷനിലെ ജിഡി ചാർജ് സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.ആർ രാജീവിന്റെ സാന്നിധ്യത്തിലാണ് സനൂപ് പണം ഏറ്റുവാങ്ങിയത്.