കോട്ടയം: തൊഴിൽ തട്ടിപ്പിൽ പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ മഹാരാഷ്ട്രയിൽ കുടുങ്ങിയ 27 അംഗ മലയാളി സംഘം രാഹുൽ ഗാന്ധിയുടെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി. ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയിൽ ജോലി വാഗ്‌ദാനം ചെയ്‌താണ് ഇവരെ മഹാരാഷ്ട്രയിലെ ഹൊഗ്ലിയിൽ എത്തിച്ചത്. അരലക്ഷം രൂപ വരെ പലരുടെയും കൈയിൽ നിന്ന് വാങ്ങിയെടുത്തിരുന്നു. ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനിടെയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇളവുകൾ അനുവദിച്ചപ്പോൾ മുതൽ ഇവർ നാട്ടിലേയ്‌ക്കു പോരാനുള്ള ശ്രമത്തിലായിരുന്നു.
ഇതിനിടെയാണ് റെയിൽവേ അപ്രൻ്റിസ്ഷിപ്പിനായി എറണാകുളത്ത് എത്തിയ മഹാരാഷ്ട്ര സ്വദേശികളെയുമായി ഒരു ബസ് കേരളത്തിൽ നിന്ന് വന്നത്. ഈ വിവരം അറിഞ്ഞ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയിയും സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിയും രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് സച്ചിൻ റാവു, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും മലയാളികളുമായ മാത്യു ആന്റണി, രാജു പി.ആന്റണി എന്നിവർ മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടന്ന മലയാളികൾക്കായി ഇടപെടുകയായിരുന്നു.
ഇന്നലെ രാവിലെ 11.30 ന് ഇവർ റെയിൽവേ സ്റ്റേഷനു സമീപം ബസിറങ്ങി. എന്നാൽ, ഇവർക്കു ഇവിടെ ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിയില്ലെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഭക്ഷണവും വെള്ളവും മാസ്‌കും സാനിറ്റൈസറും നൽകിയതും വീട്ടിലെത്താനുള്ള ചെലവു വഹിച്ചതും തങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.