കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ടൗണിൽ വെള്ളക്കെട്ടിന് കാരണമായിരുന്ന കൊല്ലപ്പള്ളി തോടിന്റെ നവീകരണത്തിന് തുടക്കമായി.

എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും മാണി.സി.കാപ്പൻ എം.എൽ.എ അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് തോട് നവീകരിക്കുന്നത്. നീരൊഴുക്കിനായി മണ്ണു മാറ്റി തോടിന്റെ ആഴം വർദ്ധിപ്പിക്കും. കൊല്ലപ്പള്ളി മാർക്കറ്റ് മുതൽ മൈലയ്ക്കൽ ചെക്കുഡാം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം തോട് നവീകരിക്കുന്നത്. മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നവീകരണം.

തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കുന്ന ജോലികൾ വർഷങ്ങളായി മുടങ്ങിയിരിക്കുകയായിരുന്നു. കാലവർഷത്തിന് മുമ്പേ നവീകരണജോലികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾ മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ജെറി ജോസ്, പി കെ ഷാജകുമാർ, കെ.ഒ രഘുനാഥ്, ബാബു കെ റ.റി തുടങ്ങിയവർ പങ്കെടുത്തു.

ഇനി കുളമാകില്ല

മഴക്കാലമായാൽ കൊല്ലപ്പള്ളി ടൗണിൽ വെള്ളക്കെട്ട് പതിവാണ്. വെള്ളക്കെട്ട് ഒഴിവാക്കൻ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. കടനാട് പഞ്ചായത്ത് അധികൃതർ എം.എൽ.എയുമായി വിഷയം ചർച്ച ചെയ്കു. തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ തോട് നവീകരണമെന്ന തീരുമാനത്തിലേക്ക് എത്തിയത്.