ayaja

കോട്ടയം: വി.വി.എസ് ലക്ഷ്മണിനെ അജയന് അറിയില്ല. ക്രിക്കറ്റ് കാണാറുമില്ല. എങ്കിലും ലക്ഷ്മൺ അജയനെ അറിഞ്ഞു, ആ നൻമ തിരിച്ചറിഞ്ഞു. ട്വിറ്ററിൽ പ്രശംസിച്ച് പോസ്റ്റിടുകയും ചെയ്തു.

ലോക്ക് ഡൗണിനെ തുടർന്ന് ലോകം മുഴുവൻ ബുദ്ധിമുട്ടുമ്പോൾ, കുമരകത്തെ ഓരോ വീട്ടിലും സൗജന്യമായി അവശ്യ വസ്തുക്കൾ എത്തിച്ചു നൽകിയാണ് അജയൻ എന്ന ഓട്ടോഡ്രൈവർ പ്രശംസയേറ്റുവാങ്ങിയത്. ഈ വാർത്ത അറിഞ്ഞ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്‌മൺ തന്റെ ട്വിറ്റർ അക്കൗണ്ടിൽ അതു പങ്കുവയ്ക്കുകയായിരുന്നു.

'കേരളത്തിലെ ഒരു ഓട്ടോഡ്രൈവറാണ് അജയൻ. കുമരകത്തെ ആളുകൾക്ക് സാധനങ്ങൾ സൗജന്യമായി വീട്ടിലെത്തിച്ചു നൽകും. എന്തു സാധനം വേണമെങ്കിലും അജയനെ വിളിച്ചാൽ മതി. പ്രായമായവർക്കും, ചെറിയ കുട്ടികൾ മാത്രം വീട്ടിലുള്ളവർക്കും വളരെ പ്രയോജനകരമാണിത്. - ലക്ഷ്മൺ ട്വീറ്റിൽ പറയുന്നു.

ക്രിക്കറ്റ് കളിയിൽ കമ്പമില്ലാത്ത അജയൻ ലക്ഷ്മണിന്റെ കളികൾ കണ്ടിട്ടില്ല. പക്ഷേ, തന്റെ പ്രവർത്തനങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അജയൻ പറഞ്ഞു.
ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ തന്നെ അജയൻ തന്റെ 'ചങ്ങാതി" എന്ന ഓട്ടോറിക്ഷയുമായി രംഗത്തിറങ്ങിയിരുന്നു. ആവശ്യക്കാർക്ക് ബന്ധപ്പെടാനായി തന്റെ ഫോൺ നമ്പർ പഞ്ചായത്ത് പ്രസിഡന്റിനു നൽകുകയും ചെയ്തു. അജയന്റെ ഭാര്യ ശ്രീജയ്ക്ക് സഹകരണ ബാങ്കിൽ ജോലിയുണ്ട്. അതുകൊണ്ടാണ് കുടുംബകാര്യങ്ങൾ കഴിഞ്ഞു പോകുന്നത്. ഈ സേവനം നടത്തുന്നതിന് ചങ്ങാതിക്കൂട്ടം എന്ന യുവജനക്കൂട്ടായ്മ ദിവസവും 200 രൂപ അജയനു നൽകുന്നുമുണ്ട്. കുമരകം വാലേച്ചിറ വീട്ടിൽ ഗോപാലൻ തങ്കമ്മ - ദമ്പതികളുടെ മകനാണ് അജയൻ. ബിന ഹരിയും ക്ഷേത്രയുമാണ് മക്കൾ.