park

നെടുംകുന്നം : വീട്ടിലൊരു പാർക്ക് ! ലോക്ക് ഡൗൺ കാലത്ത് നെടുകുന്നം അറക്കൽ വീട്ടിൽ മുരളീധരന്റെ മനസിലുയർന്ന ആശയം ഇതായിരുന്നു. ലക്ഷ്യം വെറുതേയായില്ല. വീട്ട്മുറത്ത് ആറ് സെന്റിൽ ഉയർന്നു, ഒരു ഉഗ്രൻ മിനിപാർക്ക്.

കൊടുങ്ങൂരിൽ സ്വന്തമായി ചെരുപ്പുകട നടത്തുകയാണ് മുരളി. വിവിധ തരത്തിലുള്ള അലങ്കാര വസ്തുക്കളും തടിയിൽ വിവിധ നിർമ്മാണങ്ങൾ, പെയിന്റിംഗ് തുടങ്ങിയവയും പാർക്കിലുണ്ട്. മുറ്റത്ത് സിമന്റും പാറപ്പൊടിയും ഉപയോഗിച്ച് വിവിധ വലിപ്പത്തിലുള്ള മരങ്ങൾ, അലങ്കാരമത്സ്യങ്ങളെ വളർത്താൻ അനുയോജ്യമായ കുളം എന്നിവയും ആരെയും ആകർഷിക്കുന്നു. മഴ പെയ്യുമ്പോൾ ടെറസിൽ നിന്നും വീഴുന്ന വെള്ളം കുളത്തിൽ നിറയുന്ന രീതിയിലാണ് നിർമ്മാണം. മഴ വെള്ളസംഭരണി പോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണം. വീട്ടുമുറ്റത്ത് മത്സ്യ കൃഷിയുമുണ്ട്. കൂടാതെ, വിവിധ വലിപ്പത്തിലുള്ള ദീർഘകാലം ഈടുനിൽക്കുന്ന ചെടിച്ചട്ടികളുമുണ്ട്. ചാരുബഞ്ചുകളും മനോഹരമായ ചുണ്ടൻ വള്ളവും പാർക്കിലെ പ്രധാന ആകർഷണമാണ്. ഒരു മാസമാണ് പാർക്ക് നിർമ്മിക്കുന്നതിനായി വേണ്ടിവന്നത്. പാർക്ക് കാണാൻ നിരവധിയാളുകൾ എത്തുന്നുണ്ട്. ഭാര്യ പ്രമീളയും മക്കളായ വിദ്വലക്ഷ്മിയും വിധു കൃഷ്ണയും മുരളിയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.