other-state
കാൽനടയാത്രയ്ക്ക് പുറപ്പെട്ട അന്യ അയൽസംസ്ഥാന തൊഴിലാളികൾ

കാൽനടയാത്ര നടത്തിയത് അൻപതംഗ ബീഹാർ സംഘം

അടിമാലി: വ്യാജ സന്ദേശത്തിൽ വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങാൻ കാൽനടയായി തിരിച്ച അൻപതംഗ അന്യസംസ്ഥാന തൊഴിലാളിസംഘത്തെ പൊലീസ് തിരികെ കൊണ്ടുപോന്നു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങുന്ന ബീഹാർ സ്വദേശികളായസംഘം ദേശിയപാതയിലൂടെ സഞ്ചാരമാരംഭിച്ചത്. വിവരം അടിമാലി പൊലീസ് അറിഞ്ഞു.തുടർന്ന് അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളെ തിരികെ താമസസ്ഥലത്തെത്തിക്കുകയായിരുന്നു.

അടിമാലി ടൗണിന് സമീപം പരിതാപകരമായ അവസ്ഥയിലായിരുന്നു ഇവർ കഴിഞ്ഞ് പോന്നത്. ഒരു മുറിയിൽ പത്ത്പേർ വരെ താമസിച്ചിരുന്നു. ആളൊന്നിന് വീട്ടുടമ ആയിരം രൂപയും വാങ്ങിയിരുന്നതായി പറയുന്നു.അടിമാലി ടൗണിലെത്തി അന്നന്ന് ലഭിക്കുന്ന തൊഴിൽ ചെയ്തായിരുന്നു ബീഹാർ സ്വദേശികൾ കഴിഞ്ഞിരുന്നത്. ഒരു കോൺട്രാക്ടറുടെ കീഴിലല്ലാത്തതിനാൽ ലോക്ക് ഡൗൺ കാലം ഇവർക്ക് ഏറെ ദുരിതമായി. നൂറിലേറെ പേർ അന്യസംസ്ഥാനക്കാർ താമസിച്ചിരുന്ന വീട്ടിൽനിന്നും പഞ്ചായത്ത് ക്രമീകരിച്ച സ്കൂളിലെ ക്യാമ്പിൽ ഇവർ കുറേ ദിവസം താമസിച്ചു. സാമൂഹ്യ അടുക്കളയിൽനിന്നും ഭക്ഷണവും ലഭിച്ചിരുന്നുഎന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പഞ്ചായത്ത് ഭക്ഷണ വിതരണം അവസാനിപ്പിക്കുകയും മുമ്പ് താമസിച്ചിരുന്നിടത്തേക്ക് മാറ്റുകയും ചെയ്തു. അരിയും മറ്റ് അവശ്യവസ്തുക്കളും പഞ്ചായത്ത് നൽകിപ്പോരുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം ഇവർക്ക് നാട്ടിലേക്ക് പോകാൻ ട്രയിൻ സൗകര്യം ലഭിക്കുമെന്നും അതിനായി പെരുമ്പാവൂരിൽ എത്തണമെന്നും വ്യാജ സന്ദേശം ലഭിച്ചു. ഇതാടെ കുടുംബസമേതം മടങ്ങാനായി കാൽനടയാതി പെരുമ്പാവൂർക്ക് പോകുന്നതിനിടെയാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്..ഇവർ അടുക്കള ഉപകരണങ്ങൾ ഉൾപ്പടെ സാധനസാമഗ്രികൾ പായ്ക്ക് ചെയ്താണ് യാത്ര പുറപ്പെട്ടത്.പെരുമ്പാവൂരിൽ എത്തി യാത്രയ്ക്ക് ട്രയിൻ സൗകര്യം ലഭിച്ചില്ലെങ്കിൽ നാട്ടിലേയ്ക്ക് നടന്ന്പോകാനായിരുന്നു സംഘം തീരുമാനിച്ചിരുന്നത്.നിലവിൽ ജോലി ഇല്ലെന്നും താമസത്തിനടക്കം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു. .എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ നിലവിലെ രീതികളും തയ്യാറെടുപ്പുകളും തൊഴിലാളികൾ നടത്തിയിട്ടില്ലെന്നും ഇക്കാരണത്താൽ യാത്രാനുമതി നൽകാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.