കോട്ടയം: ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേയ്‌ക്കു മടങ്ങി. ഇന്നലെ വൈകിട്ട് 6.45 ന് കോട്ടയം സ്റ്റേഷനിൽ നിന്നാണ് പ്രാഥമിക പരിശോധനകൾക്കുശേഷം ഇവരെ ട്രെയിൻ കയറ്റിവിട്ടത്. പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാർ സ്റ്റേഷനിലേക്കുള്ള മുർഷിദാബാദ്- മാൾഡ ട്രെയിനിലാണ് ഇവർക്ക് യാത്ര ഒരുക്കിയിരുന്നത്. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്‌പൂർ ജില്ലകളിൽനിന്നുള്ള 1464 പേരാണ് മടങ്ങിയത്. യാത്ര സൗജന്യമാണ് . എല്ലാ തൊഴിലാളികൾക്കും വൈദ്യപരിശോധന നടത്തി ആരോഗ്യ വകുപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

തെരഞ്ഞടുക്കപ്പെട്ടവർക്കുമാത്രമായിരുന്നു അവസരം. ഇവരിൽ 1180 പേർ ചങ്ങനാശേരി താലൂക്കിലെ പായിപ്പാടു നിന്നും 150 പേർ കോട്ടയം താലൂക്കിൽനിന്നും 134 പേർ മീനച്ചിൽ താലൂക്കിൽ നിന്നുമുള്ളവരാണ്. കോട്ടയം, മീനച്ചിൽ താലൂക്കുകളിൽനിന്ന് തൊഴിലാളികളുടെ കുടുംബാംഗങ്ങളുമുണ്ട്. ബംഗാൾ സ്വദേശികളായ 17392 തൊഴിലാളികളാണ് ജില്ലയിലുള്ളത്. പായിപ്പാട്ടെ 1400 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയ സാഹചര്യത്തിൽ ഇരുന്നൂറോളം തൊഴിലാളികൾ മടക്കയാത്ര വേണ്ടെന്ന് വച്ചു.

ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസിന്റെ നേതൃത്വത്തിൽ പായിപ്പാട്ടെ ലേബർ ക്യാമ്പുകളിൽ തൊഴിലാളികളെ നേരിൽ കണ്ട് വിവരങ്ങൾ വിലയിരുത്തി. 43 കെ.എസ്. ആർ. ടി.സി. ബസുകളിലായാണ് തൊഴിലാളികളെ എത്തിച്ചത്. പായിപ്പാട് ജംഗ്ഷൻ, ഉഴവൂർ സെൻ്റ് സേവ്യേഴ്‌സ് പള്ളി മൈതാനം, അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്റ്, കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി മൈതാനം എന്നിവിടങ്ങളിൽനിന്ന് തൊഴിലാളികളെ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചു. ഓരോ ബസിലും പോകേണ്ടവരുടെ പട്ടിക തയ്യാറാക്കുകയും മേൽനോട്ടത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്‌തു. ആവശ്യമായ മാസ്‌കുകൾ തൊഴിൽ വകുപ്പ് ലഭ്യമാക്കിയിരുന്നു. ആദ്യം നാഗമ്പടം ബസ് സ്റ്റാന്റിൽ എത്തിച്ച് ശരീരോഷ്‌മാവ് പരിശോധിച്ചശേഷം ടോക്കൺ പ്രകാരം തൊഴിലാളികളെ ബസിൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

യാത്രാ വേളയിൽ ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഏർപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് 12000 ചപ്പാത്തിയും മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി എല്ലാവർക്കും ഓരോ പാക്കറ്റ് ബ്രഡും അച്ചാറും സ്പോൺസർ ചെയ്തു. കുടിവെള്ളം ജില്ലാഭരണകൂടമാണ് ഏർപ്പാടാക്കിയത്. ട്രെയിനിൽ തൊഴിലാളികൾക്ക് സീറ്റ് അനുവദിച്ചതും കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചാണ്.