അടിമാലി: അടഞ്ഞ് കിടന്ന കരകൗശല നിർമ്മാണ യൂണിറ്റിൽ നിന്ന് അമ്പതിനായിരം രൂപ വീതം വിലമതിക്കുന്ന തടിയിൽ തീർത്ത ആനകളുടെ ശിൽപ്പങ്ങൾ മോഷണം പോയി.മച്ചിപ്ലാവ് സ്‌കൂൾ പടിക്ക് സമീപംകേരള വുഡ്ക്രാഫ്റ്റ് ഇൻഡസ്ട്രീസ് എന്ന കരകൗശലനിർമ്മാണ യൂണിറ്റിൽ നിന്നുമാണ് രണ്ട് ശിൽപ്പങ്ങൾ മോഷണം പോയത്. ഇത് സംബന്ധിച്ച് സ്ഥാപന ഉടമ പി.ഡി ടോമി അടിമാലി പൊലീസിൽ പരാതി നൽകി..ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 23 മുതൽ സ്ഥാപനം അടഞ്ഞ് കിടക്കുകയായിരുന്നു.സ്ഥാപനത്തിന്റെ രണ്ട് പൂട്ടുകൾ തകർത്ത് അകത്ത് കയറിയാണ് മോഷണം നടത്തിട്ടുള്ളത്.സ്ഥാപനം തുറക്കുവാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശുചീകരണജോലികൾക്കെത്തിയപ്പോഴാണ് ശിൽപ്പങ്ങൾ മോഷണം പോയത് വ്യക്തമായത്.അമ്പത് കിലോയോളം തൂക്കം വരുന്ന ശിൽപ്പങ്ങൾ ഒരാൾക്ക് ഒറ്റക്ക് കടത്തികൊണ്ടുപോകുക പ്രയാസമാണെന്ന് ഉടമ പറഞ്ഞു..ബാങ്കിൽ നിന്നും കടമെടുത്ത 5 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ജനുവരി 27നായിരുന്നു ടോമി വിൽപ്പന കേന്ദ്രം തുടങ്ങിയത്.ശിൽപ്പങ്ങൾ ഒന്നും വിൽപ്പന നടക്കും മുമ്പെ ലോക്ക് ഡൗണിനെ തുടർന്ന് സ്ഥാപനം അടച്ചു.ഇതിന് പിന്നാലെയാണ് നിർമ്മാണം പൂർത്തീകരിച്ച് വച്ചിരുന്ന ശിൽപ്പങ്ങൾ മോഷണം പോയത്