കോട്ടയം : നിർബന്ധമാക്കിയപ്പോൾ മാസ്ക് വിപണിയിലും വ്യാജനെത്തി. മതിയായ സുരക്ഷ പാലിക്കാതുള്ള വഴിയോര വിൽപ്പനയും വ്യാപകമായി. കൊവിഡിന് മുമ്പ് ഡിസ്പോസിബിൾ മാസ്കിന് രണ്ടരരൂപയായിരുന്നു മെഡിക്കൽ ഷോപ്പുകളിലെ വില. ഇപ്പോൾ പത്തു രൂപയായി. വീണ്ടും ഉപയോഗിക്കാവുന്ന കോട്ടൺ, ബനിയൻ മാസ്കിന് തോന്നുന്ന വിലയാണ് പലരും ഈടാക്കുന്നത്. തലവഴി കയറ്റി കഴുത്തു വരെ മൂടാവുന്ന കുഴൽപോലുള്ള ബഡ്ഡിക്കാണ് ഇപ്പോൾ ഡിമാൻഡ്. മാസ്ക് ചെവിയിൽ കെട്ടുന്ന അസ്വസ്ഥത ഒഴിവാകും . മുഖാവരണമായും കഴുത്തിലും ഹെൽമറ്റിനൊപ്പം തലയിലും ചുറ്റാൻ കഴിയും. പെട്ടെന്ന് ഉണക്കിയും എടുക്കാം. ആവശ്യക്കാർ കൂടിയപ്പോൾ 30 രൂപ യിൽ നിന്ന് 40 ആയി. ഗുണനിലവാരം കൂടിയതിന് 200 രൂപ വരെ കൊ‌ടുക്കണം. സൗജന്യമായി മാസ്ക് നിർമിച്ചു വിതരണം ചെയ്യുന്ന ചിലർ ഗുണനിലവാരവും സുരക്ഷയും പാലിക്കുന്നില്ലെന്നാണ് പരാതി . കുറഞ്ഞ വിലയ്ക്ക് വഴിയോരത്തു വിൽക്കുന്നത്പാ ക്കറ്റ് പൊട്ടിച്ച നിലയിലാണ്. പലരും മുഖത്തു വെച്ച് നോക്കിയാണ് വാങ്ങുന്നത്. മാസ്ക് കൈയിൽ തൂക്കി നടന്നു വിൽക്കുന്നവരുമുണ്ട്. മാസ്ക് വ്യാപകമാക്കിയെങ്കിലും വിലയോ സുരക്ഷയോ ബന്ധപ്പെട്ടവർ പരിശോധിക്കാത്തതാണ് വിപണിയിൽ വ്യാജൻ വിലസാൻ പ്രധാന കാരണം .

മാസ്ക് നിർമാണ മാനദണ്ഡം

180ന് മുകളിൽ ത്രെഡ് കൗണ്ടുള്ള കോട്ടൺ തുണിയാവണം

രണ്ട് പാളികളുള്ളതും വായും മൂക്കും മറയ്ക്കുന്നതുമാവണം

ധരിച്ചു കഴിഞ്ഞാൽ പുറം ഭാഗത്തു താഴോട്ട് വരുന്ന രീതിയിൽ

മാസ്കിന്റെ പ്ലീറ്റ്സ് ശ്വസനത്തിന് പ്രയാസമുണ്ടാകാത്തതാകണം

തുണി അണുവിമുക്തമാക്കിയതും അഴുക്ക് ഇല്ലാത്തതുമാവണം

ശ്രദ്ധിക്കാൻ

മാസ്ക് ധരിച്ചാലും വേണ്ട സുരക്ഷ ശാരീരിക അകലം പാലിക്കുക. മാസ്ക്കിനു മുന്നിൽ തൊട്ടാൽ കൈകൾ സാനിറ്റൈസറും സോപ്പും ഉപയോഗിച്ചു കഴുകണം. മാസ്ക്കിന് കീറലോ ദ്വാരമോ വീണാൽ കത്തിച്ചുകളയണം. ഉപയോഗ ശേഷം സോപ്പ് ലായനിയിൽ കുതിർത്ത് ഉരച്ചു കഴുകി വെയിലത്ത് ഉണക്കണം. വെയിൽ ഇല്ലെങ്കിൽ കുക്കറിലെ വെള്ളത്തിൽ പത്തു മിനിറ്റോ സാധാരണ പാത്രത്തിൽ 15 മിനിറ്റോ പുഴുങ്ങി എടുത്ത് ഇസ്തിരി ഇടണം. മാസ്ക്കിന്റെ മുൻ ഭാഗത്തു തൊടാതെ ചരട് അഴിക്കണം. മാസ്ക് ഊരിയ ശേഷം ഇരു കൈകളും സാനിറ്റൈസർ ,സോപ്പ് എന്നിവ ഉപയോഗിച്ച് 20 സെക്കൻഡ് ഉരച്ചു കഴുകണം.