മറിയാമ്മച്ചേടത്തി മകളുടെ വീട്ടില്‍ കാലുകുത്തിയതും ഇന്ത്യന്‍പ്രധാനമന്ത്രി രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഒരേ മുഹൂര്‍ത്തത്തിലായിരുന്നു. അതുകൊണ്ട് പിറ്റേന്നുതന്നെ തിരിച്ചുപോകണമെന്ന മോഹത്തിനാണ് ഭംഗം നേരിട്ടു. ഒന്നരമാസത്തോളം മകളുടെ വീട്ടില്‍ കഴിച്ചുകൂട്ടിയ മറിയാമ്മച്ചേടത്തി ലോക്ക്ഡൗണില്‍ വീണുകിട്ടിയ ഇളവുകള്‍ക്കിടയിലൂടെ അടുത്തിടെ ഒരുവിധത്തില്‍ വീട്ടില്‍ തിരിച്ചെത്തി. ഇതറിഞ്ഞ് ബെസ്റ്റ്ഫ്രണ്ടും അയല്‍വാസിയുമായ അന്നമ്മച്ചേടത്തി പാഞ്ഞെത്തി, വിശേഷങ്ങള്‍ തിരക്കാൻ: 'മോളിക്കുട്ടിക്ക് എന്നാ ഉണ്ട് വിശേഷം'
'പരമാനന്ദമല്ല്യോ.' എന്ന മുഖവുരയോടെ അന്നമ്മച്ചേടത്തി കഥപറയാൻ തുടങ്ങി.
ദൈവംതമ്പുരാന്‍ സഹായിച്ച് ഒരു മുട്ടുമില്ല.വരിക്കപ്ലാവ് നാലെണ്ണമാ പറമ്പില്‍ നില്‍ക്കുന്നത്. ചക്ക ഇഷ്ടംപോലല്ലേ. ഞാന്‍ ചെല്ലുമ്പം മരുമോന്‍ പ്ലാവിന്റെ മണ്ടേലാ. മോളിക്കുട്ടിയാണേല്‍ പുഴുക്കിനുള്ളചക്ക വെട്ടിക്കൊണ്ടിരിക്കുന്നു. താഴെയിറങ്ങിയതേ ചക്കപ്പഴം ചൊളയടത്തി ഒരു പ്ലേറ്റിലാക്കി അവന്‍ എന്റെ മുന്നില്‍ കൊണ്ടുവന്നുവെച്ചു. അതു കഴിച്ച് വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ നിമിഷനേരംകൊണ്ട് ചക്കപ്പുഴുക്കും ചമ്മന്തിയും റെഡി. ഇന്നലെ ഇങ്ങു പോരുന്നതുവരെ എന്തൊരു സ്‌നേഹമായിരുന്നു എന്റെ മക്കള്‍ക്ക്. എന്നും രാവിലെ ചക്കപ്പുഴുക്കും ചമ്മന്തിയും. ഉച്ചയ്ക്ക് ചേറും മിക്കദിവസങ്ങളിലും ചക്കക്കുരുവും മാങ്ങയും ചേര്‍ത്തുള്ള കറിയും ചക്കക്കുരു തോരനും. നാലുമണിക്ക് ചക്കപ്പഴം അല്ലെങ്കില്‍ ചക്ക വറുത്തത്. വൈകിട്ട് കഞ്ഞിയും ചക്ക അവിയലും. ഒന്നിനും ഒരു ബുദ്ധിമുട്ടുമില്ല അവള്‍ക്ക്. പിള്ളേര്‍ക്ക് കൊടുക്കാന്‍ ചക്കക്കുരു വറുത്ത് പൊടിച്ച് ടിന്നിലാക്കി വെച്ചിരിക്കുവാ. ആറുമാസത്തേയ്ക്കുള്ള ചക്കക്കുരു ഉണക്കി ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ട്. എന്തു കരുതലാണെന്നറിയാമോ എന്റെ മരുമോന്. ഇപ്പം അവന്‍ പന്ത്രണ്ടുമാസവും കായ്ക്കുന്ന പ്ലാവിന്റെ പുതിയ ഇനം തൈ രണ്ടെണ്ണം കുഴിച്ചുവെച്ചിട്ടുണ്ട്. രണ്ടുകൊല്ലം കഴിഞ്ഞാല്‍ അതു കായ്ച്ചുതുടങ്ങും.
എല്ലാം എന്റെ മോളിക്കുട്ടീടെ ഭാഗ്യം...