കോട്ടയം: ലോക്ക് ഡൗണിൽ തകർന്ന് തരിപ്പണമായൊരു മേഖലയുണ്ട്,​ പ്രിന്റിംഗ് പ്രസുകൾ. ഏറ്റവും നല്ലസീസൺ കൈവിട്ട് പോയതോടെ ബാദ്ധ്യത കുന്നുകൂടി.

കോടികളുടെ അത്യന്താധുനിക മെഷീനുകളും മറ്റ് അനുബന്ധ സാധനങ്ങളുമാണ് പൊടിപിടിച്ച് കിടക്കുന്നത്. ഭൂരിഭാഗം പ്രസുകളും വായ്പ എടുത്താണ് തുടങ്ങിയിരിക്കുന്നത്. 2 മാസത്തോളമായി പ്രവർത്തനമില്ലാത്തിനാൽ വായ്പയും കെട്ടിട വാടകയും ഉൾപ്പെടെ അടയ്ക്കാൻ നിവൃത്തിയില്ല. പ്രസിൽ കഠിനാധ്വാനം നടത്തി അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തുന്ന പല ഉടമകളും തൊഴിലാളികളും ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുകയാണ്. ഉത്സവങ്ങൾ, വിവാഹം, വിഷു, ഈസ്റ്റർ, റമസാൻ, പെരുന്നാൾ അടക്കമുള്ള സീസൺ സമയത്ത് ലോക്ക് ഡൗൺ ആയതോടെ വർഷത്തിൽ ലഭിക്കുന്ന പ്രധാന വരുമാനമാണ് നഷ്ടമായത്.

മൾട്ടികളർ പോസ്റ്ററുകൾ ഏറെയും മുൻകൂർ പണം നൽകി കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പ്രിന്റ് ചെയ്യുന്നത്. ഇങ്ങനെ മാത്രം ലക്ഷങ്ങളാണ് വിവിധ പ്രസുകൾക്ക് കിട്ടാനുള്ളത്.

ദീർഘകാലമായി തുറക്കാത്തതിനാൽ ഓഫ്‌സെറ്റ്, ഡിജിറ്റൽ, ക്ലോത്ത് പ്രിന്റിംഗ് അടക്കമുള്ള മെഷിനുകൾക്ക് കേടുപാടുകളുണ്ട്. ഇതു നന്നാക്കണമെങ്കിൽ വൻതുക വേണം. മെഷിനുകൾ കേടാകാതിരിക്കാൻ ആഴ്ചയിൽ ഒരുദിവസം പ്രവർത്തിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നു. ഈ രീതിയിൽ കറണ്ട് ചാർജ് അടക്കമുള്ള ചെലവുകൾ വേറെയും. ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിപ്പിക്കാൻ അനുമതി ലഭിച്ചെങ്കിലും പഴയപടിയിലേയ്ക്ക് കാര്യങ്ങളെത്താൻ ഇനിയും സമയമെടുക്കും.

ജില്ലയിൽ 200 പ്രസുകൾ

പ്രതിസന്ധി ഇങ്ങനെ

 ഒാർഡർ ചെയ്ത പോസ്റ്ററുകളും മറ്റും വാങ്ങാൻ സംഘാടകരെത്തുന്നില്ല

 വരുന്നത് മഴക്കാലമായതിനാൽ കാര്യമായ വരുമാനം ലഭിക്കില്ല

 തൊഴിലാളികൾക്ക് ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളുമില്ല

 വാടകയ്ക്കും പ്രസുകളുടെ അറ്റകുറ്റപ്പണിക്കും പണം കണ്ടെത്തണം

'' വായ്പകൾക്ക് പലിശരഹിത മോറട്ടോറിയം നൽകിയില്ലെങ്കിൽ ഈ മേഖകല തകരും. പ്രസിന്റെ അറ്റകുറ്റപ്പണി,​ കെമിക്കലുകളുടെ ചെലവ് ഇതിനെല്ലാം ഇനി പണമുണ്ടാക്കണം.

'' സോണി ജോർജ്, പ്രസ് ഉടമ