പാലാ : നഗരസഭാ കൗൺസിലറും മുൻ കൗൺസിലറും കയ്യാലപ്പണിക്കാരായപ്പോൾ വിധവയായ വീട്ടമ്മയുടെ വീട്ടുമതിൽ ഇടിഞ്ഞത് ഒറ്റ ദിവസം കൊണ്ട് പുനർനിർമ്മിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് പാലാ നെല്ലിയാനി നടുവത്തേട്ട് സാലിയുടെ വീടിന് മുന്നിലെ ചെറിയ മതിൽ ഇടിഞ്ഞു വീണത്. ഇന്നലത്തെ മഴയിൽ വീട്ടുമുറ്റത്തിന്റെ ഭാഗം കൂടി ഇടിയാൻ തുടങ്ങിയതോടെ സാലി കൗൺസിലർ ബിജു പാലൂപ്പടവിലിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബിജു, കയ്യാലപ്പണിയിൽ വിദഗ്ദ്ധനായ കൂട്ടുകാരൻ കൂടിയായ മുൻ കൗൺസിലർ തലയിണക്കര ടി.ജി.ബാബുവിന്റെ സഹായം തേടി.
ബാബുവും ബിജുവും കൂടി കയ്യാല നിർമ്മിക്കാൻ തുടങ്ങി. ഇതോടെ പരിസരത്തെ ചില മേസ്തിരിമാരും സഹായത്തിനെത്തി. ഇവർക്ക് കയ്യാളുകളായി (മൈക്കാട്) അയൽവാസികൾ കൂടി എത്തിയതോടെ പണി ഉഷാർ. ഇടയ്ക്കിടെ പെയ്ത കനത്ത മഴയെപ്പോലും അവഗണിച്ച് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തകൃതിയായി പണികൾ തുടർന്നു. വൈകിട്ട് നാലു മണിയോടെ പൂർണ്ണമായും മതിൽ കെട്ടി ഉയർത്തി. ഇതിനിടെ കൗൺസിലറും മുൻ കൗൺസിലറും കൂടി കയ്യാലപ്പണി നടത്തുന്ന വിവരമറിഞ്ഞ് നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക് സ്ഥലത്തെത്തി ഇവരെയും സഹായികളായി കൂടിയ നാട്ടുകാരെയും അഭിനന്ദിച്ചു. ബിജുവിനെ ഫോണിൽ വിളിച്ച് ജോസ്. കെ. മാണി എം.പി.യും അഭിനന്ദിച്ചു.